ശ്രീനഗർ : പൂഞ്ച് ജില്ലയിലെ നവഗ്രഹ ക്ഷേത്രത്തിൽ ദർശനം നടത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി . ക്ഷേത്രത്തിലെ ശിവലിംഗത്തിൽ ജലാഭിഷേകം നടത്തിയ മെഹബൂവ അവിടെ പുഷ്പങ്ങളും അർപ്പിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മെഹബൂബ മുഫ്തി ഇതെല്ലാം നടത്തുന്നതെന്നാണ് സൂചന.
ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന മെഹബൂബയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം മെഹബൂബയുടെ ക്ഷേത്രദർശനത്തിനെതിരെ കശ്മീരിലെ ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തി . “മെഹബൂബ ചെയ്തത് ശരിയല്ല, ക്ഷേത്രം സന്ദർശിക്കുന്നതും ശിവലിംഗത്തിൽ വെള്ളം ഒഴിക്കുന്നതും ഇസ്ലാമിന് എതിരാണ്.“ദേവ്ബന്ദിലെ മൗലാന അസദ് ഖാസ്മി പറഞ്ഞു.
ഇത് ഇസ്ലാമിൽ സ്വീകാര്യമല്ല. അത് മെഹബൂബയോ മറ്റാരെങ്കിലുമോ ആകട്ടെ., ഒരു കല്ലിൽ മാത്രമാണ് വെള്ളം ഒഴിച്ചിരിക്കുന്നത്. കല്ലാണെന്ന് തെറ്റിദ്ധരിച്ച് വെള്ളം ഒഴിച്ചിരിക്കണം , ഞാൻ ഒരു മതത്തിനും എതിരല്ല, എന്നാൽ ഇവർ ചെയ്തതെല്ലാം ഇസ്ലാമിന് എതിരാണ്. ഇതൊക്കെ ചെയ്തതിൽ നാണക്കേടാണ് – എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത് .
അതേസമയം, ഹിന്ദുക്കളെ ഒന്നടങ്കം എതിർക്കുന്ന മെഹബൂബ ക്ഷേത്രത്തിൽ പോയി ആരാധന നടത്തുന്നത് ഗിമ്മിക്ക് ആണെന്ന് ബിജെപി ആരോപിച്ചു. ഈ ഗിമ്മിക്ക് ചെയ്ത് മെഹബൂബ മുഫ്തി ഒന്നും നേടാൻ പോകുന്നില്ലെന്ന് സംസ്ഥാന വക്താവ് രൺവീർ സിംഗ് പറഞ്ഞു. 2008-ൽ മെഹബൂബ മുഫ്തിയും അവരുടെ പാർട്ടിയും അമർനാഥ്ജി ദേവാലയ ബോർഡിന് ഭൂമി അനുവദിക്കുന്നതിനെ എതിർത്തതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.















