വാഷിംഗ്ടൺ: ടിക് ടോക്കിൽ നിന്ന് ചൈനീസ് ഓഹരി ഉടമകളെ പുറത്താക്കാനൊരുങ്ങി യുഎസ് സർക്കാർ. ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയാത്ത പക്ഷം രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടിക് ടോക്ക് വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ശേഷം വന്ന ബൈഡൻ ഇത് പിന്തുടർന്നില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം ബൈഡനും വിഷയത്തിൽ സമാന നിലപാട് സ്വീകരിക്കുകയാണ്.
യുഎസ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചതോടെയാണ് ബൈഡൻ ടിക് ടോക്കിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുവന്നത്. യുഎസിൽ ടിക് ടോക്കിന് 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കുകയാണെങ്കിൽ അത് കമ്പനിക്ക് വൻ തിരിച്ചടിയാകും നൽകുക. ഡെമോക്രാറ്റുകൾ തന്നെ ഇത്തരത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത് വിദഗ്ധരെയടക്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കമ്പനി വക്താവ് രംഗത്തുവന്നു. ദേശീയ സുരക്ഷയ്‌ക്കാണ് പരിഗണന നൽകുന്നതെങ്കിൽ ഓഹരി ഉടമസ്ഥരെ മാറ്റുന്നതല്ല പരിഹാരമെന്നും പുതിയ നിയന്ത്രണങ്ങൾ കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും ബ്രൂക്ക് ഒബർവെറ്റർ പറഞ്ഞു.
2020-ൽ യുഎസ് ഗവൺമെന്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ നിന്നും ടിക് ടോക്ക് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു.
Comments