വാഷിംഗ്ടൺ: പ്രധാനമന്ത്രി മോദിയെ ജൂണില്‍ ഔദ്യോഗികമായി അത്താഴ വിരുന്നിന് ക്ഷണിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാഷ്ട്രത്തലവന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് യുഎസില്‍ സ്റ്റേറ്റ് ഡിന്നര്‍ സംഘടിപ്പിക്കുന്നത്.
ചൈന ഉയർത്തുന്ന വെല്ലുവിളി കൂടുന്ന സാഹചര്യത്തിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബൈഡന് അത്താഴവിരുന്ന് ഒരുക്കുന്നതെന്നാണ് സൂചന. ജൂണിൽ നടത്താനാണ് വൈറ്റ് ഹൗസ് പദ്ധതിയിടുന്നുണ്ടെങ്കിലും, തീയതിയില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം.
മെയ് മാസത്തിൽ ക്വാഡ് ഉച്ചകോടിക്കായി യോഗം ചേരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓസ്ട്രേലിയയിൽ വെച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഡിന്നര്‍ ഒരുക്കിയിരുന്നു. ഏപ്രിൽ 26 ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനും അത്താഴവിരുന്നൊരുക്കുന്നുണ്ട്. ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള ബൈഡന്റെ അത്താഴവിരുന്ന്.
സെപ്റ്റംബറിൽ, ജി20 നേതാക്കൾക്ക് ഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും. അവിടെ റഷ്യയുടെ യുക്രെെയ്ൻ അധിനിവേശം പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യുഎസിന്റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും. ജി20 അധ്യക്ഷന്‍ എന്ന നിലയില്‍ ഈ വര്‍ഷം മോദിക്ക് നിരവധി പരിപാടികളുണ്ട്.
Comments