ഡ്രൈവിംഗ് ലൈസൻസെടുക്കുകയെന്നത് പൊല്ലാപ്പ് പിടിച്ച പരിപാടിയാണ് എല്ലാവർക്കും. എച്ച് എടുക്കാൻ പറ്റുമോ ഇല്ലയോ എന്ന ടെൻഷനിൽ രണ്ടും മൂന്നും വട്ടം ടെസ്റ്റിന് പോകുന്നവരും കുറവല്ല. എന്നാൽ അത്തരക്കാർക്ക് ടെൻഷൻ ഫ്രീയായി ലൈസൻസെടുക്കാം. എങ്ങനെയെന്നല്ലേ…
ഡ്രൈവിംഗ് ലൈസൻസെടുക്കാൻ ഇനി ക്ലച്ചും ഗിയറും വേണ്ട! ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കാം. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയറുള്ള വാഹനമോടിക്കുന്നതിന് തടസമില്ലെന്ന് ഉത്തരവിൽ പറയുന്നു.
7,500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗം ലൈസൻസാണ് പുതിയ വ്യവസ്ഥ. എൽഎംവി ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് മാറ്റം. സുപ്രീംകോടതി നിർദേശത്തത്തുടർന്ന് കേന്ദ്ര സർക്കാർ 2019-ൽ നിയമം മാറ്റിയെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല. ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടായിരുന്നു സംസ്ഥാനത്ത് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്.
Comments