ചെന്നൈ: ആന സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ച് തമിഴ്നാട് പരിസ്ഥിതി വകുപ്പ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വൈദ്യുതാഘാതമേറ്റ് നാല് ആനകൾ ചരിഞ്ഞ സംഭവത്തെ തുടർന്നാണ് നടപടി. വിഷയത്തിൽ ഉന്നതതല യോഗത്തിന് ശേഷം പരിസ്ഥിതി വകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവാണ് ഇക്കാര്യം അറിയിച്ചത്.
കൃഷി സംരക്ഷണത്തിനായി കെട്ടിയിരുന്ന വൈദ്യുത വേലിയിൽ തട്ടി ഷോക്കേറ്റ് മൂന്ന് ആനകളും, ബണ്ട് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് വൈദ്യുതി ബോർഡിന്റെ ഹൈ ടെൻഷൻ കമ്പിയിൽ തട്ടി കൊമ്പനാനയും ചത്തതോടെയാണ് ആനകളുടെ സംരക്ഷണ നടപടികൾ ആരംഭിച്ചത്. അനധികൃത സോളാർ ഫെൻസിങ് അനുവദിക്കരുതെന്ന് തമിഴ്നാട്ടിൽ നിർദ്ദേശം നിലവിലുണ്ടെങ്കിലും കൃഷിയട സംരക്ഷണത്തിനായി സോളാർ ഫെൻസിങ് സ്ഥാപിക്കാറുണ്ട്. ഇവ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് സാഹു അറിയിച്ചു.
പതിറ്റാണ്ടുകൾക്ക് ശേഷം അഗസ്ത്യമലയെ ആന സങ്കേതമായി വിജ്ഞാപനം ചെയ്തു. ആനകൾക്ക് ദേശാടനപാത നൽകുന്ന തന്തൈ പെരിയാർ വന്യജീവി സങ്കേതം എന്ന പുതിയ സങ്കേതത്തിന്റെ വിജ്ഞാപനവും സർക്കാർ പ്രഖ്യാപിച്ചു. ഈ വർഷം തമിഴ്നാട്ടിൽ ആറ് ആനകളാണ് ചരിഞ്ഞത്. നാല് ആനകൾ വൈദ്യുതാഘാതമേറ്റും, ഒന്ന് നാടൻ ബോംബ് കടിച്ച് പരിക്കേറ്റും, അവസാനത്തേത് ഉടമയുടെ മോശം പരിചരണം മൂലവുമാണ് മരിച്ചത്.
Comments