ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരനായ അമൃത്പാൽ സിംഗിനെതിരെ ലുക്കൗട്ട് നോട്ടീസും ജാമ്യമില്ലാ വാറന്റും ഇറക്കി പഞ്ചാബ് പോലീസ്. വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അതിനായുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നും പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്നും പഞ്ചാബ് പോലീസ് വ്യക്തമാക്കി.
അമൃത്പാലിനെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ ഭീകരന്റെ ഏഴ് വ്യത്യസ്ത രീതികളിലുള്ള ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. സാധാരണയായി ടർബൻ ധരിച്ച് താടിയും മീശയുമായി നടക്കുന്ന അമൃത്പാലിന്റെ അധികമാരും കണ്ടിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് പഞ്ചാബ് പോലീസ് പരിചയപ്പെടുത്തിയത്. ഭീകരൻ ഏത് രൂപത്തിലും ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടാമെന്നതിനാലാണ് വിവിധ ചിത്രങ്ങൾ പോലീസ് പങ്കുവച്ചത്.
ഖാലിസ്ഥാനി ഭീകരനായ അമൃത്പാൽ സിംഗിനെ കണ്ടെത്താനുള്ള പഞ്ചാബ് പോലീസിന്റെ ശ്രമം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ഭീകരന്റെ അനുയായികളും ബന്ധുക്കളുടമക്കം 120ഓളം പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഇതുവരെയും അമൃത്പാലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ 80,000ത്തോളം വരുന്ന പോലീസുകാർ എന്ത് നോക്കി നിൽക്കുകയാണെന്ന അതിരൂക്ഷ വിമർശനവും സർക്കാരിനെതിരെ ഹൈക്കോടതി ഉന്നയിച്ചിരിക്കുകയാണ്. ജലന്ധറിലെ ടോൾ ബൂത്ത് വഴി കാറിലൂടെ അമൃത്പാൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ മാർച്ച് 18-ന് പുറത്തുവന്നിരുന്നു. ശേഷം ഇയാളും കൂട്ടരും രണ്ട് ബൈക്കുകളിലായി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Comments