ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി മാരുതി സുസുക്കി റിവാർഡ്‌സും ഇന്ത്യൻ ഓയിൽ കോർപറേഷനും കൈക്കോർക്കുന്നു. ഐഒസിഎല്ലിന്റെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്ന മാരിതി കാറുടമകൾക്ക് റിവാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 80 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഇതിനായി മാരുതി സുസുക്കി റിവാർഡ് ആപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നാം തിയതി മുതലാകും ഇത് പ്രാബല്യത്തിൽ വരിക. ആപ്പിലെ എക്‌സ്ട്രാ റിവാർഡ് പ്രോഗ്രാമിലൂടെ ഐഒസിഎല്ലിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകും. മാരുതി നൽകുന്ന റിവാർഡിന് പുറമേ ഇതിൽ നിന്നും ഐഒസിഎൽ എക്‌സ്ട്രാ റിവാർഡ് പോയിന്റുകളും ഉപയോക്താക്കൾക്ക് ലഭിക്കും. എക്‌സ്ട്രാ റിവാർഡ് പ്രോഗ്രാമിൽ സൈൻ ഇൻ ചെയ്യുമ്പോൾ തന്നെ 100 റിവാർഡ് പോയിന്റ് ലഭിക്കും.
പിന്നീട് ഇന്ത്യൻ ഓയിലിന്റെ സ്‌റ്റേഷനുകളിൽ നിന്നുള്ള ഓരോ 100 രൂപയുടൈ ഇന്ധനം നിറക്കലിനും രണ്ട് റിവാർഡ് പോയിന്റുകൾ വീതം ലഭിക്കും. ഒരുപാദത്തിൽ 25,000 രൂപയുടെ ഇടപാട് പൂർത്തിയാക്കിയാൽ 350 എക്‌സ്ട്രാ റിവാർഡ് പോയിന്റ് ലഭിക്കും. ഇതിന് 105 രൂപയുടെ മൂല്യമുണ്ടായിരിക്കും. മാരുതിയും ഇന്ത്യൻ ഓയിൽ കോർപറേഷനും സംയുക്തമായി ഒരുക്കുന്ന ഈ പ്രോഗ്രാമിലൂടെ ഉപയോക്താക്കൾക്ക് വിശ്വസനീയമായതും മികച്ചതുമായ വിൽപ്പനാന്തര ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് മാരുതി മേധാവി ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഈ കൂട്ടുകെട്ടിലൂടെ ഉപയോക്താക്കളുടെ ആവശ്യവും മറ്റും അടുത്തറിയാനും അവ പരിഗണിക്കാനും സാധിക്കുമെന്നാണ് ഐഒസിഎൽ റീട്ടെയ്ൻ ട്രാൻസ്ഫർമേഷൻ മേധാവി സൗമിത്ര ശ്രീവാസ്തവ അറിയിച്ചു.
Comments