വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ കെവിൻ മെക്കാർത്തിയുമായുള്ള തായ്വാൻ പ്രസിഡന്റ് സായ് ഇങ് വെലിന്റെ കൂടിക്കാഴ്ച്ചയ്ക്ക് താക്കീതുമായി ചൈന. തായ്വാൻ പ്രസിഡന്റ് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ചൈനയുടെ തായ്വാൻകാര്യ ഓഫീസ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ഇത് ചൈന മുന്നോട്ടുവെക്കുന്ന ‘ഏക ചൈന’ നയത്തിന് വിരുദ്ധമാണെന്നും പ്രകോപനം സൃഷ്ടിക്കരുതെന്നും ഷു ഫെൻഗ്ലിയൻ മാദ്ധ്യമത്തോട് പ്രതികരിച്ചു.
തായ്വാൻ പ്രസിഡന്റിന്റെ യുഎസ് സന്ദർശനം ചൈനയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഹാനിക്കും. ഈ കൂടിക്കാഴ്ച ഏക ചൈന തത്ത്വത്തിന്റെ ലംഘനമാണ്. തായ്വാൻ കടലിടുക്കിലെ സമാധനാന്തരീക്ഷത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും സ്റ്റേറ്റ് കൗൺസിലിന്റെ തായ്വാൻ കാര്യ വക്താവ് ഷു ഫെൻഗ്ലിയൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഇതിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും ഫെൻഗ്ലിയൻ കൂട്ടിചേർത്തു.
സംഭവത്തിൽ പ്രതികരണവുമായി സായ് ഇങ് വെൽ രംഗത്ത് വന്നു. പുറം ലോകവുമായി ഇടപെടുന്നതിനെതിരെ ബാഹ്യ സമ്മർദ്ദം ഉണ്ടെങ്കിലും പിന്മാറില്ല. തായ്വാൻ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളെ മുറുകെ പിടിക്കും. അന്താരാഷ്ട്ര സമൂഹത്തിന് പ്രതികൂല ഘട്ടങ്ങളിൽ തങ്ങളുടെ പിന്തുണ ആവശ്യമുള്ളപ്പോൾ നൽകുമെന്നും തിരിച്ചും അത് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
മുൻപും യുഎസ് തായ്വാൻ നേതാക്കളുടെ കൂടിക്കാഴ്ചകൾക്ക് മുന്നറിയിപ്പുമായി ചൈന രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശന വേളയിൽ ചൈന താക്കീത് നൽകിയിരുന്നു. ഇതിനെ തുടർന്ന് തായ്വാൻ കടലിടുക്കിൽ ചൈന എസ്യു-35 യുദ്ധ വിമാനങ്ങൾ വിന്യസിച്ചിരുന്നു.
Comments