ഡൽഹി: കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ 2014 മുതൽ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തനിക്കെതിരെ സംസാരിക്കാൻ രാജ്യ വിരുദ്ധ ശക്തികളുമായി ചിലർ കരാറിൽ ഏർപ്പെടുകയാണെന്നും തന്റെ ശക്തി ഈ നാട്ടിലെ സാധാരണക്കാരാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോൺഗ്രസിനെതിരെ പ്രധാനമന്ത്രി തുറന്നടിച്ചത്.
‘ഇന്ന്, ഏപ്രിൽ 1. ഈ ദിവസം ഉറപ്പായും കോൺഗ്രസ് നേതാക്കൾ ചില പ്രസ്താവനകളുമായി രംഗത്തു വരും. ഈ മോദി എല്ലാവരെയും വിഡ്ഢികളാക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അവരെത്തും. പക്ഷേ നിങ്ങൾ നോക്കൂ, ഈ ട്രെയിൻ ഏപ്രിൽ 1-ന് തന്നെ ആരംഭിച്ചു. ഇത് നമ്മുടെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്. എന്റെ പ്രതിച്ഛായ തകർക്കാൻ 2014 മുതൽ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി രാജ്യവിരുദ്ധ ശക്തികളുമായി പോലും അവർ കരാറിൽ ഏർപ്പെട്ടു. പണം കൊടുത്ത് അതിനായി ആളുകളെ ഏർപ്പാടാക്കി. രാജ്യത്തിന് പുറത്തുപോയി ഭാരതത്തിനെതിരെ ചിലർ സംസാരിക്കുകയാണ്’.
‘എന്റെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രമം നടക്കുന്നുണ്ട്. പക്ഷെ, എന്റെ സുരക്ഷ കവചം ഈ രാജ്യത്തെ സാധാരണക്കാരാണെന്ന് അവർക്ക് അറിയില്ല. മുൻ സർക്കാരുകൾ ഒരു കുടുംബത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ദരിദ്രരെയും ഇടത്തരക്കാരെയും അവർ ഉപേക്ഷിച്ചു. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. അത് നവീകരിച്ചില്ല. അവർക്ക് റെയിൽവേയെ ആധുനികമാക്കാമായിരുന്നു. എന്നാൽ റെയിൽവേയുടെ വികസനം അവർ സ്വാർത്ഥ താത്പര്യത്തിനായി ത്യജിച്ചു. എന്നാൽ ഈ സർക്കാർ ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും തൃപ്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നമ്മുടെ രാജ്യത്തിന്റെ കഴിവും ആത്മവിശ്വാസവും കാണിക്കുന്നു’- എന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments