വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ അവധി നൽകി ചൈനയിലെ കോളേജുകൾ. രാജ്യത്തെ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണച്ചു കൊണ്ടാണ് ഈ തീരുമാനം. പ്രണയബന്ധം ആരംഭിക്കുന്നതിനായി ഏപ്രിൽ ആദ്യവാരം നൽകാനാണ് ചൈനയിലെ 9 കോളജുകൾ തീരുമാനിച്ചിരിക്കുന്നത്.
മാർച്ച് 21ന് മിയാൻയാങ്ങ് ഫ്ലൈയിങ്ങ് വൊകേഷണൽ കോളേജ് ആണ് ആദ്യമായി പ്രണയാവധി നൽകിയത്. ‘പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും വസന്ത കാല അവധി ആസ്വദിച്ച് അതുവഴി പ്രണയത്തിലാകാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു’. എന്നായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയ അവധിയെ കുറിച്ച് കോളേജ് അധികൃതർ പറഞ്ഞത്. അവധിയിലായിരിക്കെ വിദ്യാർത്ഥികൾക്ക് ഹോംവർക്കുമുണ്ട്. ഡയറി എഴുത്ത്, യാത്രാ വീഡിയോകൾ ഉണ്ടാക്കൽ തുടങ്ങിയവയാണ് ഹോംവർക്കുകൾ.
1980 മുതൽ 2015 വരെ ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ‘ഒറ്റ കുട്ടി പദ്ധതി’യാണ് ചൈനയ്ക്ക് തിരിച്ചടിയായത്. 2021-ൽ മൂന്ന് കുട്ടികൾ എന്ന നിബന്ധനയിലേക്കെത്തിയെങ്കിലും ആളുകൾ ഇത് പരിഗണിക്കുന്നില്ല. തുടർന്ന് രാജ്യത്തെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ വിവിധ നയങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.
Comments