ന്യൂഡല്‍ഹി: ഹോട്ടൽ മുറിയിൽ 54-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരം നിവാസിയായ ദീപക് സേഥിയെയാണ് ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മാർച്ച് 30-ന് രാത്രി 8.30- ഓടെയാണ് ദീപക് സേഥി ഒരു സ്ത്രീക്കൊപ്പം ഹോട്ടലിൽ എത്തിയത്. രാത്രി 12.30-ഓടെ സ്ത്രീ ഹോട്ടൽ മുറിയിൽ നിന്നും പുറത്തേക്ക് പോയി. പിറ്റേന്ന് രാവിലെ മുറിയിൽ നിന്നും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം.
മരിച്ച ദീപക്കും സ്ത്രീയും ഹോട്ടലിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ സംഭവത്തെ തുടർന്ന് പുറത്ത് വന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഹോട്ടലിന്റെ റിസപ്ഷനില്നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ദുരൂഹസാഹചര്യത്തിലെ മരണത്തിൽ വിശദമായ അന്വേഷണം നടത്തി വരുകയാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ദീപക് സേഥിക്കൊപ്പം ഹോട്ടൽമുറിയിലുണ്ടായ സ്ത്രീക്കായി അന്വേഷണം തുടരുകയാണ്.
Comments