റോഷാക്കിന് ശേഷം വീണ്ടും ത്രില്ലർ ചിത്രവുമായി മമ്മൂട്ടി. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ബസൂക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. മമ്മൂട്ടി ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള ഒരു വേഷമായിരിക്കും ബസൂക്കയിലേത് എന്ന് അടിവരയിടുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
ശത്രുക്കളുടെ ചുറ്റും യാതൊരു ഭയവുമില്ലാതെ നിൽക്കുന്ന മമ്മൂട്ടിയെയാണ് ടൈറ്റിൽ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ കയ്യിൽ ഒരും തോക്കും കാണാം. ത്രില്ലർ മാത്രമല്ല, ഒരു ഗ്യാങ്സ്റ്റർ മൂവിയാണ് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റർ. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നിസ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്.
മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മിഥുൻ മുകുന്ദനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കലാസംവിധാനം- അനീസ് നാടോടി, എഡിറ്റർ- നിഷാദ് യൂസഫ്, ഛായാഗ്രഹണം-നിമിഷ് രവി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ എന്നീ കമ്പനികൾ ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്.
Comments