ദിസ്പൂർ: അരുണാചൽപ്രദേശിലെ അതിർത്തി പ്രദേശമായ കിബിത്തൂവിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം അമിത് ഷാ ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലയുടെ സമഗ്ര വികസനത്തിനായി കണ്ടെത്തിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. അസമിലും അരുണാചൽപ്രദേശിലും ദ്വിദിന സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി എത്തിയത്.
അരുണാചൽപ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി മേഖലകളുടെ വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 4800 കോടി രൂപ ചിലവിലാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം നടപ്പിലാക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ ജന്മസ്ഥലങ്ങളിൽ തന്നെ താമസിക്കാൻ താൽപ്പരരാക്കുന്നതുമാണ് വിവിപി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം തടയുന്നതിനും അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.
റോഡ് കണക്റ്റിവിറ്റി, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് കണക്റ്റിവിറ്റി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരോഗ്യ മേഖല, അടിസ്ഥാനസൗകര്യം എന്നിവയിലൂടെയാണ് വികസനം നടപ്പിലാക്കുന്നത്. ഗോൾഡൻ ജൂബിലി ബോർഡർ ഇല്യൂമിനേഷൻ പ്രോഗ്രാമിന് കീഴിൽ നിർമ്മിച്ച ഒൻപത് മൈക്രോ ഹൈഡൽ പദ്ധതികളും ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 11-ന് ആഭ്യന്തരമന്ത്രി നാംതി ഫീൽഡ് സന്ദർശിക്കുകയും വാലോങ് യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും.
Comments