ഇറ്റാനഗർ: വടക്കുകിഴക്കൻ മേഖലയുടെ അതിർത്തി പ്രദേശത്തിൽ സർക്കാരിന്റെ ശ്രദ്ധ മാതൃകാപരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പുരോഗതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും അസ്വസ്ഥമായ അതിർത്തി പ്രദേശത്തിന്റെ പ്രതിച്ഛായ തന്നെ സർക്കാർ മാറ്റി മറിച്ചെന്നും അമിത് ഷാ പറഞ്ഞു. അരുണാചൽപ്രദേശിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2014-ന് മുൻപ് വടക്കുകിഴക്കൻ മേഖലയിലെ മുഴുവൻ ജനങ്ങളും അസ്വസ്ഥരായിരുന്നു. അന്ന് അതിർത്തി മേഖലയിലെ ജനങ്ങൾ ഒട്ടും തന്നെ സുരക്ഷിതരല്ലായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമാണ്. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നത് അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നതിനാലാണ്. ഇന്ന് രാജ്യത്ത് തർക്കങ്ങൾ അവസാനിക്കുന്നു, തീവ്രവാദം അവസാനിക്കുന്നു. രാജ്യം ഇന്ന് വികസനത്തിന്റെയും സമാധാനത്തിന്റെയും പാതയിലാണ്’അമിത് ഷാ പറഞ്ഞു.
‘ഒൻപത് വർഷത്തിനിടെ 8000-ത്തിലധികം തീവ്രവാദികൾ കീഴടങ്ങി. 2014-നെ അപേക്ഷിച്ച് ഇന്ന് അക്രമ സംഭവങ്ങളിൽ 67 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. അതിർത്തിയുടെ സുരക്ഷയാണ് രാജ്യത്തിന്റെ സുരക്ഷ. അതിർത്തി മേഖലകളിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Comments