കോട്ടയം: ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലായി സ്ഥാപിച്ചിരുന്ന പരസ്യബോർഡ് തകർന്നു വീണു കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ലോഗോസ് ജംഗ്ഷനിലാണ് സംഭവം. ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ് ബോർഡുകൾ. മനോരമ, ആശുപത്രിപടി, ടൗൺ ഭാഗം, മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പു കേന്ദ്രമാണിത്.
ബോർഡ് വീണതോടെ, യാത്രക്കാർ കാൽനടപ്പാതയിലേക്കും റോഡിലേക്കും ഇറങ്ങി നിൽക്കേണ്ടുന്ന അവസ്ഥയിലാണ്. പൊളളുന്ന വെയിലിലും മഴയിലും വരെ കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതിന് സമീപത്തായാണ് ജില്ലാ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്നത്. മറ്റ് നിരവധി സ്ഥാപനങ്ങളും പള്ളി, സ്കൂൾ തുടങ്ങിയവും സ്ഥിതി ചെയ്യുന്നുണ്ട്.
തകർന്ന ബോർഡ് മാറ്റുന്നതിനോ, പുനസ്ഥാപിക്കുന്നതിനോ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. എതിർദിശയിലും സമാനരീതിയിൽ തന്നെ മറ്റൊരു കാത്തിരിപ്പു കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്.
Comments