ബെംഗളൂരു: ബിജെപിയെ പിന്തുണയ്‌ക്കാത്ത ഒരു സ്ത്രീപോലും ഉണ്ടാവില്ലെന്ന് മഹിളാ മോർച്ച അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് പാർട്ടിയോടുള്ള വിശ്വാസ്യത എടുത്ത പറയേണ്ടതാണ്. ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തിൽ സ്ത്രീകളുടെ പങ്ക് നിർണായകമായിരുന്നുവെന്നും വാനതി ശ്രീനിവാസൻ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിലും സ്ത്രീകൾ ബിജെപിക്കൊപ്പമാകും നിൽകുന്നതെന്നും വാനതി കൂട്ടിച്ചേർത്തു.
കർണാടക തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരെ കേന്ദ്രീകരിച്ചായിരിക്കും പാർട്ടി പ്രവർത്തിക്കുന്നത്. സർക്കാരിന്റെ എല്ലാ സ്‌കീമുകളിലെയും ഗുണഭോക്താക്കളിൽ ഏറിയപങ്കും സ്ത്രീകളുടെതാണ്. കേന്ദ്രസർക്കാർ പദ്ധതിയെ സംസ്ഥാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വാനതി ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കായുള്ള സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക ബിജെപി പുറത്തിറക്കിയിരുന്നു.
224 സീറ്റുകളിൽ 189 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. 189 സ്ഥാനാർത്ഥികളിൽ ഒമ്പത് പേർ ഡോക്ടർമാരും അഞ്ച് പേർ അഭിഭാഷകരുമാണ് എന്നത് ശ്രദ്ധേയമാണ്. ആദ്യ പട്ടിക പുറത്തുവിട്ടപ്പോൾ എട്ട് സ്ത്രീകളും സ്ഥാനാർത്ഥികളിൽ ഇടംപിടിച്ചു. മെയ് 10നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13-നാണ് ഫലപ്രഖ്യാപനം.
Comments