എറണാകുളം: കേരളത്തിന്റെ യുവതയെ കാണാൻ ‘യുവം-2023’-ൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും. ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തേവര കോളജ് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഏപ്രിൽ 24-നാണ് മെഗാ യൂത്ത് കോൺക്ലവ് നടക്കുന്നത്. വൈകിട്ട് അഞ്ചിനുള്ള സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. കൂടാതെ പ്രധാനമന്ത്രിയുടെ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമാണെന്ന് കോർ കമ്മിറ്റി നിരീക്ഷിച്ചു. ഭാരതചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ ദേവാലയത്തിലെത്തി പ്രാർത്ഥനയുടെ ഭാഗമാകുന്നത്. ബിജെപി വിഭാവനം ചെയ്യുന്ന സർവ മത, സമ ഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം മത ന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. ക്രൈസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചത്- കോർ കമ്മിറ്റി വിലയിരുത്തി.
ഇക്കാര്യത്തിൽ കേരളത്തിലെ ഇടത്-വലത് മുന്നണികൾ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് അവരുടെ രാഷ്‌ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്നും പരാജയ ഭീതിയാണ് ഇത് പ്രകടമാക്കുന്നതെന്നും കോർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ബിജെപിയുടെ കേരള കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി അറിയിച്ചു. കെ. സുരേന്ദ്രൻ, വി. മുരളീധരൻ, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, എ.എൻ. രാധാകൃഷ്ണൻ, ജോർജ് കുര്യൻ, എം.ടി. രമേശ്, സി. കൃഷ്ണകുമാർ, പി. സുധീർ എന്നിവരാണ് കോർ കമ്മിറ്റി അംഗങ്ങൾ.
Comments