തിരുവനന്തപുരം: വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ വനംവകുപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി പീപ്പിൾ ഫാേർ അനിമൽസ് (PFA). കിണറ്റിൽ വീണ കരടി വനംവകുപ്പിന്റെ മയക്കുവെടിയേറ്റ് ചത്തതിനെ തുടർന്നാണ് നടപടിയ്ക്കൊരുങ്ങുന്നത്. വെള്ളമുള്ള കിണറ്റിനുള്ളിൽ വച്ച് കരടിയെ വെടിവയ്ക്കാനുള്ള തീരുമാനം നിരുത്തരവാദപരമാണെന്നും ആലോചിക്കാതെയുള്ള പ്രവൃത്തിയാണെന്നും ഇത്തരമൊരു തീരുമാനം എടുത്തവർക്കെതിരെ നാളെത്തന്നെ കേസ് നൽകുമെന്നാണ് പി എഫ് എ പ്രവർത്തകർ പറയുന്നത്.
വെള്ളത്തിൽ കിടക്കുന്ന ഒരു ജീവിക്കു ബോധം നഷ്ടപ്പെട്ടാൽ രക്ഷപെടുത്താനുള്ള സാദ്ധ്യത പകുതിയിൽ താഴെയാണ് എന്ന സ്കൂൾ കുട്ടിയുടെ ബോധ്യം പോലുമില്ലാത്ത വിദഗ്ധരുടെ ഇടപെടൽ എന്നാണ് പി എഫ് എ ഫേസ്ബുക്കിൽ പറയുന്നത്. വെടി വച്ച ഡോക്ടർ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ്. കരുണയുള്ള ആളാണ്. എന്നിട്ടും എങ്ങനെ ഇത്തരമൊരു തീരുമാനത്തിൽ എത്തിയെന്നത് അത്ഭുതമായിരിക്കുന്നുയെന്നും ആരുടെ തീരുമാനമാണ് ഈ മയക്കുവെടിയെന്നും പി എഫ് എ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. അരിക്കൊമ്പന് നേരെ പായാൻ സാദ്ധ്യതയുള്ള അടുത്ത മയക്കു വെടിയേക്കുറിച്ചും തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും ഫേസ്ബുക്കിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം വെള്ളനാട്ട് സ്വദേശിയുടെ കിണറ്റിൽ കരടി വീണത്. ഇന്നലെ വീണ കരടിയെ രക്ഷപ്പെടുത്താൻ ഇന്നുരാവിലെയാണ് വനംവകുപ്പ് ശ്രമം തുടങ്ങിയത്. ഏറെ നേരം പരിശ്രമിച്ചെങ്കിലും കരടിയെ രക്ഷിയ്ക്കാനായില്ല. തുടർന്ന് കരടിയെ കിണറ്റിൽനിന്ന് പുറത്തെത്തിക്കാനായി മയക്കുവെടി വെച്ചിരുന്നു. മയക്കുവെടി ഏറ്റതിന് പിന്നാലെ കിണറ്റിലെ വെള്ളത്തിലേയ്ക്ക് കരടി മുങ്ങിത്താഴുകയായിരുന്നു. അതുവരെ കിണറിന്റെ വശങ്ങളിൽ പിടിച്ചുനിൽക്കുകയായിരുന്നു കരടി. തുടർന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ സമയത്തിനുശേഷം അഗ്നിശമനസേന വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വച്ചത് വനംവകുപ്പിന്റെ ഗുതര വീഴ്ചയായി ആരോപിക്കപ്പെടുന്നുണ്ട്. കിണറ്റില് വീണ് ഏറെനേരമായതിനാല് കരടി തീർത്തും അവശനായിരുന്നു.
വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറിനുള്ളിലാണ് കരടി വീണത്. കോഴികളെ പിടിക്കാൻ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. കിണറിന് ഇരുപതടിയോളം താഴ്ചയുണ്ട്. പുറത്ത് എത്തിച്ചാൽ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വച്ചത്. വെടിയേറ്റ കരടിയെ വലയിൽ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് വെള്ളത്തിലേക്ക് വീണത്. കരടിയെ പുറത്തെടുക്കുന്നതിൽ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ ജേക്കബ് അലക്സാണ്ടർ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു. എന്നാൽ വലയുടെ ഒരു വശം മുറുക്കം കുറഞ്ഞതിനാലാണ് കരടി വെള്ളത്തിൽ മുങ്ങിപ്പോയത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
മയക്കുവെടി കൊണ്ട് 15 മിനിട്ട് സമയം എടുത്താണ് കരടി പൂർണ്ണമായും മയങ്ങിയത്. എന്നാൽ വയക്കുവെടി ഏറ്റ് അധിക സമയത്തിനുള്ളിൽ കരടി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ റാപ്പിഡ് റെസ്പോൺസ് ടീം കിണറ്റിലിറങ്ങി കരടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഭലമായതിനെ തുടർന്ന് ഇവർ തിരിച്ചു കയറുകയായിരുന്നു. ഒരുമണിക്കൂറിലധികം സമയമാണ് കരടി വെള്ളത്തിൽ മുങ്ങിക്കിടന്നത്. തുടർന്ന് കിണറിലെ വെള്ളം വറ്റിച്ചാണ് കരടിയെ കരയ്ക്ക് എത്തിച്ചത്. ഇന്നലെ രാത്രി കരടി കിണറിൽ വീണ് കിടക്കുന്നത് കണ്ടയുടനെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. തൊട്ടടുത്തുളള കാട്ടിൽ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം.
Comments