നബരംഗ്പൂർ ; പെൻഷനായി ചുട്ടുപൊള്ളുന്ന വെയിലിൽ നഗ്നപാദയായി കിലോമീറ്ററുകൾ നടന്ന് എഴുപതുകാരിയുടെ വീഡിയോ വൈറലായതിനു പിന്നാലെ എസ്ബിഐ ബാങ്ക് മാനേജറെ ശാസിച്ച് നിർമ്മല സീതാരാമൻ . ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ ഝരിഗൻ ബ്ലോക്കിലെ ബനുഗുഡ ഗ്രാമവാസിയായ സൂര്യ ഹരിജന്റേതാണ് വീഡിയോ .
പെൻഷനു വേണ്ടി സൂര്യ ഹരിജൻ നഗ്നപാദയായി റോഡിലൂടെ നടക്കുന്നത് കാണാം. ചുട്ടുപൊള്ളുന്ന വെയിലിൽ, തകർന്ന കസേര താങ്ങായാണ് വൃദ്ധ കിലോമീറ്ററുകളോളം നടക്കുന്നത് . ഈ വീഡിയോ വൈറലായതോടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിഷയത്തിൽ ഇടപെട്ടു .
“എസ്ബിഐ മാനേജർമാർക്ക് ഈ വീഡിയോ കാണാൻ കഴിയുമോ? ഇത് എത്രയും വേഗം മനസ്സിലാക്കി മാനുഷിക പ്രവർത്തനങ്ങൾ ചെയ്യുക. ബാങ്ക് ഫ്രണ്ട്സ് ആരുമില്ലേ?” വീഡിയോ പങ്കിട്ടുകൊണ്ട് നിർമല സീതാരാമൻ ട്വിറ്ററിൽ കുറിച്ചു. ഇതിനു മറുപടിയും എസ് ബി ഐ നൽകിയിട്ടുണ്ട്.
“മാഡം, ഈ വീഡിയോ കണ്ടതിൽ ഞങ്ങൾക്ക് ഒരുപോലെ വേദനയുണ്ട്. സൂര്യ ഹരിജൻ തന്റെ ഗ്രാമത്തിലെ സിഎസ്പി പോയിന്റിൽ നിന്ന് എല്ലാ മാസവും വാർദ്ധക്യ പെൻഷൻ പിൻവലിക്കാറുണ്ടായിരുന്നു. എന്നാൽ പ്രായാധിക്യം കാരണം ഇപ്പോൾ സിഎസ്പി പോയിന്റിൽ വിരലടയാളം പൊരുത്തപ്പെടുന്നില്ല. അവർ ബന്ധുവിനൊപ്പം ഞങ്ങളുടെ ഝരിഗാവ് ബ്രാഞ്ചിൽ വന്നിരുന്നു. ഞങ്ങളുടെ ബ്രാഞ്ച് മാനേജർ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് തുക നൽകുകയും ചെയ്തു . അടുത്ത മാസം മുതൽ പെൻഷൻ അവരുടെ വീട്ടിൽ എത്തിക്കും “ ധനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി എസ്ബിഐ പറഞ്ഞു. ഇതിന് പുറമെ സൂര്യ ഹരിജന് വീൽചെയർ നൽകാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
Comments