തിരുപ്പതി: പിഎസ്എൽവി-സി55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി സുല്ലൂർപേട്ടയിലെ ദേവി ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയത്തിനായി പ്രാർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു.’ഇത് ഈ പതിപ്പിലെ അഞ്ചാമത്തെ വിക്ഷേപണമാണ്. എട്ട് ചെറിയ പേലോഡുകളുമായാണ് ഈ റോക്കറ്റ് വിക്ഷേപണം നടത്തുന്നത്. ഈ വിക്ഷേപണത്തിന്റെ വിജയത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഏപ്രിൽ 22-ന് സിംഗപ്പൂരിന്റെ ടെലിയോസ്-2 ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കും.പിഎസ്എൽവി 55 റോക്കറ്റിലാണ് ഇത് ആകാശത്തേക്ക് കുതിക്കുക. കൗണ്ട്ഡൗൺ നടപടികൾ ഇന്ന് ഉച്ചയ്‌ക്ക് 12.20-ന് ആരംഭിച്ചുവെന്നും നാളെ ഉച്ചയ്‌ക്ക് 2.20-ന് റോക്കറ്റ് വിക്ഷേപിക്കുമെന്നും’ സോമനാഥ് വ്യക്തമാക്കി.
അതേസമയം ഈ വർഷത്തെ മൂന്നാമത്തെ ബൃഹത്തായ വിക്ഷേപണത്തിനാണ് ഐഎസ്ആർഒ നാളെ തയ്യാറെടുക്കുന്നത്.
വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2 എന്ന രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയരുക. പിഎസ്എൽവി-സി55 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങൾക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്. രണ്ട് വലിയ ഉപഗ്രഹങ്ങൾക്കൊപ്പം സിന്തറ്റിക് അപ്പേർച്ചർ റഡാറും ലുമെലൈറ്റ്-4 എന്ന നാനോ ഉപഗ്രഹവും വിക്ഷേപിക്കും.
ബഹിരാകാശ നിരീക്ഷണത്തിനും മൂടൽമഞ്ഞ്, ആകാശ അപകടങ്ങൾ എന്നിവയ്‌ക്ക് സഹായകരമാകുന്ന തെളിവാർന്ന ചിത്രങ്ങൾ എടുക്കാനുള്ള പ്രത്യേക സജ്ജീകരണവും വിക്ഷേപണ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 1993 സെപ്റ്റംബറിലാണ് പിഎസ്എൽവി ആദ്യമായി വിക്ഷേപിക്കുന്നത്. നാലു ഘട്ടങ്ങളുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ രണ്ടു ഘട്ടങ്ങൾ ഖര ഇന്ധനവും (ഒന്നും, മൂന്നും), രണ്ടു ഘട്ടങ്ങൾ ദ്രാവക ഇന്ധനവുമാണ് (രണ്ടും,നാലും) ഉപയോഗിക്കുന്നത്. ഇത്തവണ കൂടുതൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഐഎസ്ആർഒ പിഎസ്എൽവി-55 വികസിപ്പിച്ചത്.















