ന്യൂഡൽഹി: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി55 റോക്കറ്റ് വിക്ഷേപണം വിജയകരം. സിംഗപ്പുരിൽനിന്നുള്ള ടെലോസ്2, ലൂമെലൈറ്റ്4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുക. പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണിത്. ശീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഒന്നാം ലോഞ്ച്പാഡിൽ നിന്ന് ഇന്ന് ഉച്ചയ്‌ക്ക് 2.19-നായിരുന്നു വിക്ഷേപണം നടന്നത്. പിഎസ്എൽവിയുടെ 57-ാമത് വിക്ഷേപണമാണിത്. സി വേരിയന്റിന്റെ 16-ാമത്തേതും.
സിംഗപ്പുരിൽ നിന്നുള്ള 2 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനൊപ്പം പിഎസ്എൽവി ഓർബിറ്റൽ എക്‌സ്പരിമെന്റ് മൊഡ്യൂൾ (പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നുണ്ട്. ഇത് വഹിക്കുന്ന പിഎസ്എൽവിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എൽവി സി53 ആയിരുന്നു പിഒഇഎമുമായി ആദ്യം വിക്ഷേപിച്ചത്. പോളാർ എർത്ത് ഓർബിറ്റിൽ പരീക്ഷണം നടത്തുകയാണ് ഇതിന്റെ കർത്തവ്യം. ഒരു മാസമാണ് പ്രവർത്തന കാലാവധി.
പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണ് പിഎസ്എൽവി സി55. റോക്കറ്റുകൾ വിക്ഷേപണം ചെയ്യുന്നതിനു മുൻപ് പാതി അസംബിൾ ചെയ്യുന്ന കേന്ദ്രമാണിത്. നേരത്തെ റോക്കറ്റുകൾ വിക്ഷേപണത്തറയിൽ എത്തിച്ചാണ് അസംബിൾ ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ പിഐഎഫിൽ വച്ച് പാതി അസംബിൾ ചെയ്താണ് വിക്ഷേപണത്തറയിലേക്ക് എത്തിക്കുക. ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോൾ ത്തന്നെ മറ്റൊരു റോക്കറ്റിനെ അസംബിൾ ചെയ്യാൻ കഴിയുമെന്നതാണ് പിഐഎഫിന്റെ പ്രത്യേകത.
ഇന്ന് നടന്നത് ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ വാണിജ്യ വിക്ഷേപണമാണ്. തുടർച്ചായി വാണിജ്യ വിക്ഷേപണങ്ങൾ നടത്തുമ്പോൾ കാലതാമസം ഉണ്ടാകാതിരിക്കാനാണ് പിഐഎഫിൽ വച്ച് പാതി അസംബിൾ ചെയ്യാൻ ഐഎസ്ആർഒ തീരുമാനിച്ചത്. പിഎസ്എൽവി ഓർബിറ്റൽ എക്‌സ്പരിമെന്റ് മൊഡ്യൂളിൽ ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, സ്റ്റാർട്ടപ്പുകളായ ബെല്ലാട്രിക്‌സ്, ധ്രുവ സ്‌പേസ് എന്നിവയുടേതായ ഏഴ് പേലോഡുകളും ഉൾപ്പെടുന്നുണ്ട്.
അതേസമയം ഈ വർഷത്തെ മൂന്നാമത്തെ ബൃഹത്തായ വിക്ഷേപണത്തിനാണ് ഐഎസ്ആർഒ ഇന്ന് സാക്ഷ്യം വഹിച്ചത്.
വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2 എന്ന രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയർന്നത്. പിഎസ്എൽവി-സി55 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങൾക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്. രണ്ട് വലിയ ഉപഗ്രഹങ്ങൾക്കൊപ്പം സിന്തറ്റിക് അപ്പേർച്ചർ റഡാറും ലുമെലൈറ്റ്-4 എന്ന നാനോ ഉപഗ്രഹവും വിക്ഷേപിച്ചു.
ബഹിരാകാശ നിരീക്ഷണത്തിനും മൂടൽമഞ്ഞ്, ആകാശ അപകടങ്ങൾ എന്നിവയ്‌ക്ക് സഹായകരമാകുന്ന തെളിവാർന്ന ചിത്രങ്ങൾ എടുക്കാനുള്ള പ്രത്യേക സജ്ജീകരണവും വിക്ഷേപണ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 1993 സെപ്റ്റംബറിലാണ് പിഎസ്എൽവി ആദ്യമായി വിക്ഷേപിക്കുന്നത്. നാലു ഘട്ടങ്ങളുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ രണ്ടു ഘട്ടങ്ങൾ ഖര ഇന്ധനവും (ഒന്നും, മൂന്നും), രണ്ടു ഘട്ടങ്ങൾ ദ്രാവക ഇന്ധനവുമാണ് (രണ്ടും,നാലും) ഉപയോഗിക്കുന്നത്. ഇത്തവണ കൂടുതൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഐഎസ്ആർഒ പിഎസ്എൽവി-55 വികസിപ്പിച്ചത്.















