തന്റെ ജീവിതത്തിലെ മനോഹര മുഹൂത്തങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുന്ന മലയാളത്തിന്റെ താര രാജവാണ് മോഹൻലാൽ. കുടുംബ വിശേഷങ്ങൾ, വളർത്തു മൃഗങ്ങൾ, ബ്ലോഗുകൾ, വർക്ക്ഔട്ട് വീഡിയോകൾ, പാചകം എന്നിങ്ങനെ തന്റെ ഇഷ്ടങ്ങളെല്ലാം അദ്ദേഹം ആരാധകരുമായി പങ്കുവെയ്ക്കുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് മോഹൻലാൽ. ഒഴിവ് സമയങ്ങളിൽ ലോകം ചുറ്റുന്ന അദ്ദേഹം ഇപ്പോൾ ജപ്പാനിലാണ്. ഭാര്യ സുചിത്രയ്ക്കൊപ്പം ജപ്പാനിന്റെ സൗന്ദര്യം ആസ്വദിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ജപ്പാനിൽ അമോറിയിലെ ഹിരോഷിമ പാർക്കിൽ നിന്നുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ജാപ്പനീസ് കവിയായ കൊബയാഷി ഇസയുടെ വരികളും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ‘ചെറി പൂക്കൾക്ക് കീഴെ ജീവിക്കുന്നത് എത്ര വിചിത്രം’ – എന്ന വരികളാണ് ചിത്രത്തിന് കുറിച്ചിരിക്കുന്നത്. പാർക്കിൽ നിറയെ ചെറി പൂക്കൾ വിടർന്ന് നിൽക്കുന്നതും വിനോദ സഞ്ചാരികൾ അത് ആസ്വദിക്കുന്നതും ചിത്രത്തിൽ കാണാം. യാത്ര നല്ലപോലെ ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആരാധകർ തങ്ങളുടെ പ്രിയ താരത്തിന് ആശംസ നേരുന്നു.
ജപ്പാന്റെ ദേശീയ പുഷ്പമാണ് ചെറി പൂക്കൾ. ജപ്പാനിൽ നിരവധി ഇടങ്ങളിൽ ചെറി മരങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണാം. മാർച്ച് മുതൽ ഏപ്രിൽ മാസം വരെയാണ് ചെറി വൃക്ഷങ്ങൾ പൂക്കുന്നത്. ഈ സമയം ജപ്പാനിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ്. പിങ്കും വെളുപ്പും കലർന്ന പൂക്കൾ പൂത്ത് നിൽക്കുന്നതും നിലത്ത് പൊഴിഞ്ഞു വീണു കിടക്കുന്നതും കാണാൻ വളരെ മനോഹരമാണ്. സൗഹൃദത്തിന്റെ അടയാളമായി 1912-ൽ ചെറി പൂക്കളെ ജപ്പാൻ അവതരിപ്പിച്ചതിന് ശേഷമാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ ജപ്പാനിലേയ്ക്ക് ഒഴുകിയെത്തി തുടങ്ങിയത്.
Comments