ഡെറാഡൂൺ: പ്രസിദ്ധമായ ചാർധാം തീർത്ഥാടനത്തിന് ശനിയാഴ്ച തുടക്കം കുറിച്ചു. ഉത്തരകാശിയിലുള്ള ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നു. ഉച്ചയ്‌ക്ക് 12.35-ന് ഗംഗോത്രിയും 12.41-ന് യമുനോത്രിയും തുറന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഗംഗോത്രി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. തീർഥാടകർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘ചാർ ധാം യാത്ര ആരംഭിച്ചു. ഇന്ന് ആദ്യ പൂജ നടന്നത് രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വേണ്ടിയായിരുന്നു.പ്രധാനമന്ത്രിയുടെ ഭരണത്തിൽ സനാതന സംസ്‌കാരത്തിന് ഉയർച്ചയുണ്ടായി. രാജ്യത്തിന്റെ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. അതുകൊണ്ടാണ് ആദ്യ പൂജ അദ്ദേഹത്തിനും രാജ്യത്തിനും വേണ്ടി ചെയ്തത്. – മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.
ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ബദരീനാഥിനും മറ്റ് ചാർധാം യാത്രാ റൂട്ടുകൾക്കുമായി മെഡിക്കൽ സൗകര്യങ്ങളുള്ള വാഹനം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഫ്‌ളാഗ് ഓഫ് ചെയ്തു. 16 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിദിന തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം വെള്ളിയാഴ്ച പിൻവലിച്ചിരുന്നു. ഏപ്രിൽ 25-ന് കേദാർനാഥും 27-ന് ബദരീനാഥും തുറക്കും.















