ചെന്നെെ : മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ‘ചിത്തിരൈ’ ഉത്സവത്തിന്റെ കൊടിയേറി. കഴിഞ്ഞ ദിവസമായിരുന്നു കൊടിയേറ്റം. മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ കൊടിയേറ്റ ചടങ്ങ് കാണാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ചടങ്ങിൽ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളായ മീനാക്ഷി ദേവി, സുന്ദരേശ്വരൻ എന്നീ പ്രതിഷ്ഠകളെയും പിരിയവിടയ്‌ക്കായി ദേവിയോടൊപ്പം പല്ലക്കിൽ കൊണ്ടുവന്നിരുന്നു. മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ചിത്തിരൈ ഉത്സവം കൊടിയേറിതോടെ ഇനി 12 ദിവസം ക്ഷേത്രത്തിൽ ഉത്സവം നടക്കും. ഈ 12 ദിവസം ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷങ്ങളെല്ലാം ഭക്തർക്ക് വിശേഷപ്പെട്ടതാണ്.
മധുരൈ ‘ചിത്തിരൈ’ ഉത്സവത്തിന്റെ പ്രധാന പരിപാടികൾ മീനാക്ഷി അമ്മന്റെ സ്വർഗ്ഗീയ വിവാഹവും കല്ലഘർ പ്രഭുവായ വൈഗൈ നദിയിലേക്കുള്ള പ്രവേശനവുമാണ്. മീനാക്ഷി സ്വർഗ്ഗീയ വിവാഹ സമയത്ത്, നിരവധി സ്ത്രീകൾ താലി (മംഗളസൂത്രം) മാറ്റുകയും മംഗല്യം ശക്തിപ്പെടുത്തുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവിവാഹിതർ മീനാക്ഷിയുടെ വിവാഹം കാണുകയോ അതിൽ പങ്കെടുക്കുകയോ ചെയ്താൽ ഉടൻ വിവാഹിതരാകുമെന്നാണ് വിശ്വാസം.
അതേസമയം സുന്ദരേശ്വരരുടെയും മീനാക്ഷിയമ്മന്റെയും ദർശനത്തിനുള്ള ടിക്കറ്റ് രജിസ്ട്രേഷൻ ശനിയാഴ്ച ക്ഷേത്ര വെബ്‌സൈറ്റിൽ ആരംഭിച്ചു. മീനാക്ഷിഅമ്മന്റെ സ്വർഗ്ഗകല്യാമാണ് ക്ഷേത്രത്തിലെ വിശേഷപ്പെട്ട ആഘോഷം. മെയ് 2 ന് രാവിലെ 8.30 മുതൽ 8.54 വരെ മധുരയിലെ നോർത്ത് ആദിത് സ്ട്രീറ്റിലുള്ള കല്യാണ മണ്ഡപത്തിൽ വച്ച് ‘വിവാഹം’ നടക്കുമെന്ന് റിപ്പോർട്ട്. ‘വിവാഹം’ കാണുന്നതിന് ഭക്തർക്ക് തെക്കേ ഗോപുരത്തിലൂടെ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.















