ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏത് ഭാഷയിലാണ് സംവദിക്കാറുള്ളതെന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ബെംഗളൂരുവിൽ വച്ച് ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച ചർച്ചയ്ക്കിടെയായിരുന്നു ഇതുസംബന്ധിച്ച പരാമർശം.
താങ്കൾ ഹിന്ദി പഠിച്ചിട്ടുണ്ടോ? ഡൽഹിയിൽ പോകുമ്പോൾ ഹിന്ദിയിൽ സംസാരിക്കാറുണ്ടോ? എന്നീ ചോദ്യങ്ങളായിരുന്നു അവതാരകൻ ചോദിച്ചത്. ഹിന്ദി വിവാദം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് വ്യക്തവും സ്പഷ്ടവുമായ മറുപടിയായിരുന്നു ബിജെപി അദ്ധ്യക്ഷൻ നൽകിയത്.
“ഞാൻ ബിജെപിയുടെ ദേശീയസമിതി യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. പ്രധാനമന്ത്രിയെ പലപ്പോഴും കാണാറും സംസാരിക്കാറുമുണ്ട്. അപ്പോഴൊക്കെ ഞാൻ അദ്ദേഹത്തോട് തമിഴിൽ സംസാരിച്ചാണ് ആരംഭിക്കാറുള്ളത്. ഞാൻ അദ്ദേഹത്തോട് വണക്കം പറയും, ചിലപ്പോൾ തിരുക്കുറലിലെ വരികൾ ചൊല്ലുകയും ചെയ്യും. രണ്ടുമിനിറ്റ് തമിഴിൽ സംസാരിച്ച ശേഷം സംസാരിക്കുന്നത് ഇംഗ്ലീഷിലേക്ക് മാറ്റും.
മോദിജിയ്ക്ക് അതിലൊന്നും കുഴപ്പമില്ല എന്ന് മാത്രമല്ല, സ്വന്തം ഭാഷയിൽ സംസാരിക്കുന്നത് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആന്ധ്രയിൽ നിന്നും ആരെങ്കിലും ചെന്നിട്ട് ഹിന്ദിയിൽ സംസാരിക്കാൻ കഷ്ടപ്പെടുമ്പോൾ തെലുഗുവിൽ തന്നെ സംസാരിക്കൂ എന്നാണ് അദ്ദേഹം പറയാറുള്ളത്. മനസ്സിലാകുമോ ഇല്ലയോ എന്നത് ആലോചിച്ച് വ്യാകുലപ്പെടേണ്ട, നിങ്ങൾ നിങ്ങളുടെ ഭാഷയിൽ മടി കൂടാതെ സംസാരിക്കൂ എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ” അണ്ണാമലൈ വ്യക്തമാക്കി.
Comments