സ്വകാര്യ ജാപ്പനീസ് ബഹിരാകാശ പേടകമായ ഹകുട്ടോ-ആർ മിഷനിലൂടെ യുഎഇയുടെ റാഷിദ് റോവറിനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായാണ് ദൗത്യം പരാജയപ്പെട്ടത്. യുഎഇ ഏറെ പ്രതീക്ഷയർപ്പിച്ച ചാന്ദ്രദൗത്യമായിരുന്നു റാഷിദ് റോവർ. ദൗത്യം പരാജയപ്പെട്ടതോടെ ചാന്ദ്രദൗത്യം നടത്തുന്ന ആദ്യ അറബ് രാജ്യമെന്ന ബഹുമതി യുഎഇക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
ജാപ്പനീസ് കമ്പനിയായ ഐസ്പേസ് ആയിരുന്നു ഹകുട്ടോ-ആർ എന്ന ലാൻഡർ നിർമ്മിച്ചത്. ദുബായ് റാഷിദ് സ്പേസ് സെന്ററിൽ നിർമ്മിച്ച റാഷിദ് റോവറിനെ വഹിച്ച് ഹകുട്ടോ-ആർ നടത്തിയ വിക്ഷേപണം അറബ് ലോകത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു. 2022 ഡിസംബറിലായിരുന്നു ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം നടന്നത്. സ്പേസ്എക്സ് ഫാൽക്കൺ-9 റോക്കറ്റിലായിരുന്നു വിക്ഷേപണം.
ഏകദേശം ഒരുമാസം മുമ്പ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഹകുട്ടോ-ആർ എത്തി. ചാന്ദ്രോപരിതലത്തിൽ നിന്നും വെറും നൂറ് കിലോമീറ്റർ മാത്രം അകലെയായിരുന്നു അപ്പോൾ റാഷിദ് റോവർ. മണിക്കൂറിൽ ആറായിരം കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചാരം. ചാന്ദ്രോപരിതലത്തിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലാൻഡിങ്ങിന് മുന്നോടിയായി റാഷിദ് റോവറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡിങ് സ്മൂത്ത് ആകുന്നതിന് വേണ്ടി വേഗത നിയന്ത്രിക്കുകയും മറ്റ് തയ്യാറെടുപ്പുകൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിലും അവസാന നിമിഷം ദൗത്യം പരാജയപ്പെട്ടുവെന്ന വാർത്തയാണ് യുഎഇക്ക് ലഭിച്ചത്.
Comments