ആദിശങ്കരാചാര്യ ജയന്തി ആഘോഷിച്ച് രാജ്യം. ശങ്കരജയന്തി ദിനത്തിൽ ആദിഗുരു ശങ്കരാചാര്യർ ധ്യാനിച്ചിരുന്ന സ്ഥലമായ ശ്രീനഗറിലെ ശങ്കരാചാര്യ കുന്ന് സന്ദർശിച്ചത് 5000 ഓളം പേർ. ടീം വൺ ഇന്ത്യ സ്ട്രോങ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സന്ദർശന പരിപാടി സംഘടിപ്പിച്ചത്. കർണ്ണാടക, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവരായിരുന്നു പരിപാടിയിൽ കൂടുതലും പങ്കെടുത്തത്.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതുപോലെ, കാശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസം, ശാരദാപീഠം തിരിച്ചുപിടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വൺ ഇന്ത്യ സ്ട്രോങ് ഇന്ത്യ ടീം ഇത് സംഘടിപ്പിക്കുന്നത്. ശങ്കരജയന്തി ദിനത്തിൽ കാഞ്ചി മഠം അഗ്‌നിഹോത്രി, തെലങ്കാനയിൽ നിന്നുള്ള വിജയ്ജി, സ്വാമി വിശ്വാത്മാനന്ദ സരസ്വതി, സ്വാമിജി സംഘം എന്നിവർ പ്രത്യേക പൂജകൾ നടത്തി. സനാതൻ ധരം സഭയിൽ നിന്ന് ടാഗോർ ഹാളിലേക്ക് ഘോഷയാത്ര നടന്നു.
2024-ന് ശേഷം കശ്മീരിൽ റെയിൽ കണക്റ്റിവിറ്റിയിൽ വലിയ മാറ്റമുണ്ടാകുകയും കശ്മീർ ഒരു പ്രമുഖ യാത്രാ കേന്ദ്രമായി മാറുകയും ചെയ്യുമെന്നും ശ്രീനഗർ, ശങ്കരാചാര്യ കുന്ന് എന്നിവിടങ്ങളിൽ പ്രാദേശികമായി യാത്ര ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഐജാസ് പറഞ്ഞു. നിരവധിപേരാണ് പരിപാടിയ്‌ക്ക് പിന്തുണയുമായി രംഗത്തുവന്നത്.
കേരളത്തിൽ ശങ്കര ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കുന്നു.മേടത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആലുവായ്‌ക്കടുത്തുള്ള കാലടിയിലാണ് ശങ്കരചാര്യ ജനിച്ചത്. അദ്ദേഹം പരമശിവന്റെ അവതാരമണെന്നും വിശ്വാസമുണ്ട്. അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു.
അജ്ഞാനത്തിന്റെ തമസ്സിൽ ആണ്ടു പോയ ഭാരതത്തെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച വ്യക്തിയാണ് ജഗദ്ഗുരു ശ്രീ ശങ്കരാചാര്യർ.
വ്യാസനും വാല്മീകിക്കും ശേഷം മനുഷ്യരാശിയുടെ ആദ്ധ്യാത്മിക ഉദ്ദീപനത്തിന് ധാരാളം സംഭാവന നല്കിയ ജഗദ്ഗുരു ആയിരുന്നു ശങ്കരാചാര്യർ. വേദാന്ത തത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.















