തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആദ്ധ്യാത്മിക ധാർമ്മിക രംഗങ്ങളിൽ കേരളത്തിന്റെ ഉറച്ച നാവായിരുന്നു ആദരണീയനായ ശ്രീ. എൻ. ഗോപാലകൃഷ്ണനെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു എൻ.ഗോപാലകൃഷ്ണന്റെ അന്ത്യം. 88 വയസായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷം നടക്കും.
ഹിന്ദു സമാജത്തിന് അറിവും ഊർജ്ജവും പകർന്നു നൽകിയ ആത്മീയ പ്രഭാഷകനായിരുന്നു ഡോ. എൻ ഗോപാലകൃഷ്ണൻ. ഭഗവത്ഗീതയെ വളരെ ലളിതമായി വിശദീകരിച്ചിരുന്ന അദ്ദേഹം ഗീതാ പ്രഭാഷണങ്ങളിലൂടെയാണ് ജനമനസുകളിൽ ഇടം നേടിയത്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറായ ഡോ. എൻ. ഗോപാലകൃഷ്ണന് 28 വർഷത്തെ ഗവേഷണ പരിചയമുണ്ട്. ശാസ്ത്ര ജേർണലുകളിൽ 50 ഗവേഷണ ശാസ്ത്ര പ്രബന്ധങ്ങൾ, 7 പേറ്റൻ്റുകൾ ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും, വിദേശത്തു നിന്നും 9 ശാസ്ത്ര ജനകീയവത്കരണ അവാർഡുകൾ എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.















