ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ യൂണിഫോം സിവിൽകോഡ് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. യുവാക്കൾക്കുള്ള ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യവികസനം, സ്ത്രീശാക്തീകരണം എന്നിവയ്‌ക്ക് പ്രകടന പത്രിക ഊന്നൽ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉറപ്പാക്കും. അഭിവൃദ്ധി പദ്ധതിയിലൂടെ കൃഷിയും ടെക്നോളജിയും സംയോജിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാർഡിലും നമ്മ ക്ലിനിക് തുറക്കും. വർഷം തോറും ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിദിനം അര ലിറ്റർ നന്ദിനി പാൽ നൽകുമെന്നും പത്രികയിൽ പറയുന്നു.
2018-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ സമൂഹത്തിലെ എല്ലാവിഭാഗങ്ങളെയും സ്പർശിക്കുന്നതരത്തിലായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണപരിപാടികളിൽ പങ്കെടുക്കും. കർണാടക തിരഞ്ഞെടുപ്പ് മെയ് 10-നും വോട്ടെണ്ണൽ 13-മാണ് നടക്കുന്നത്.
ഇത്തവണ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ജെഡിഎസുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോൺഗ്രസ് ഈ പ്രാവശ്യം ഒറ്റക്കാണ് മത്സരിക്കുന്നത്.
















Comments