ബെംഗളുരു; ഭീകരവാദത്തിന്റെ യഥാർത്ഥ മുഖം കാട്ടിത്തരുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികൾ നടപ്പിലാക്കിയ പദ്ധതികളുടെയും അവരുടെ പ്രവർത്തനങ്ങളുടെയും നേർച്ചിത്രമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ കേരള സ്റ്റോറി റിലീസ് ചെയ്യുന്നതിനെ എതിർത്തുകൊണ്ട് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ ബല്ലാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഭീകരതയുടെ യഥാർത്ഥ മുഖം കാട്ടിത്തരുന്ന ചിത്രമാണ് കേരള സ്റ്റോറി. എന്നാൽ കോൺഗ്രസ് പാർട്ടി സിനിമയെ എതിർത്തുകൊണ്ട് ഭീകരരുടെ പക്ഷം നിൽക്കുകയാണ്. കോൺഗ്രസ് ഭീകരവാദത്തെ പിന്തുണച്ചുകൊണ്ട് വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പാർട്ടിക്ക് കർണാടക പോലുള്ള ഒരു സംസ്ഥാനത്തെ സംരക്ഷിക്കാൻ സാധിക്കുമോയെന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എതിർപ്പുകളെ മറികടന്ന് കേരള സ്‌റ്റോറി രാജ്യമെമ്പാടും ഇന്ന് പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. കശ്മീർ ഫയൽസ് മാതൃകയിൽ വസ്തുതകൾ നിരത്തി സന്ദർഭങ്ങളെ കൂട്ടിയോജിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ ആദ്യദിനം തന്നെ ചിത്രം കാണാനായി തീയറ്ററുകളിലെത്തി. ലൗ ജിഹാദിനും നിർബന്ധിത മതപരിവർത്തനകത്തിനും ഇരയായവർക്കായി തിരുവനന്തപുരത്ത് തപസ്യയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ഷോ സംഘടിപ്പിച്ചു.
സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇസ്ലാമിനെ കുറിച്ച് ട്രെയിലറിൽ ഒന്നും പറയുന്നില്ലെന്നും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചാണ് പരാമർശിക്കുന്നതെന്നും കോടതി പറഞ്ഞു. ഹിന്ദു സന്ന്യാസിമാരെയും ക്രൈസ്തവ പുരോഹിതരെയും പരിഹസിച്ചുള്ള ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും ഈ സിനിമയ്‌ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.
Comments