അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബഡേ മിയാൻ, ഛോട്ടേ മിയാൻ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷം ഈദ് ദിനത്തിലായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക. വിദേശ രാജ്യങ്ങളിൽ ചിത്രീകരണം നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്രോഫിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്.
ആക്ഷൻ കോമഡി വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. കബീർ എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് ബോളിവുഡിൽ ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ബോളിവുഡിൽ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രം കൂടിയാണ് ബഡേ മിയാൻ, ഛോട്ടേ മിയാൻ.
അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നിവയാണ് ബോളിവുഡിൽ പൃഥ്വിയുടെ മുൻ ചിത്രങ്ങൾ. ജാക്കി ഭഗ്നാനിയും ദീപ്ശിഖ ദേശ്മുഖും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സൊനാക്ഷി സിൻഹയും മാനുഷി ഛില്ലാറും അലയ എഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Comments