2023 ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് അഞ്ചിന് നടക്കുകയാണ്. നാല് മണിക്കൂർ 18 മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ ഗ്രഹണം രാത്രി 8.44 മുതൽ മെയ് ആറിന് പുലർച്ചെ ഒരുമണി വരെ ഭാരതത്തിൽ ദൃശ്യമാകും. സൂര്യഗ്രഹണമായാലും ചന്ദ്രഗ്രഹണമായാലും ക്ഷേത്രങ്ങൾ അടച്ചിടുന്നതാണ് വിധി. എന്നാൽ ഭാരതത്തിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഗ്രഹണസമയത്തും പൂജയും മറ്റ് ആരാധനകളും യഥാവിഥി നടക്കാറുണ്ട്. ഗ്രഹണ സമയത്തും നടതുറക്കുന്ന പ്രസിദ്ധമായ ക്ഷേത്രങ്ങളെ പരിചയപ്പെടാം.
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം
ഇന്ത്യയിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഗ്രഹണ സമയത്തും നടതുറക്കുന്ന അത്യപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കംസനെ വധിച്ചതിനു ശേഷം വിശന്നു നിൽക്കുന്ന രൂപത്തിലാണ് ഇവിടുത്തെ കൃഷ്ണൻ. അതിനാൽ വിശപ്പടക്കാനുള്ള നേദ്യം അർപ്പിക്കാനാണ് അതി രാവിലെ നടതുറക്കുന്നത്. കൃഷ്ണൻ വിശന്നു നിൽക്കുന്നതിനാൽ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും എല്ലാ ദിവസവും പുലർച്ചെ രണ്ട് മണിക്ക് പള്ളിയുണർത്തി, 2.30ന് നട തുറന്ന് തുടർന്ന് മൂന്നരയോടു കൂടി ഉഷപ്പായസം ഇവിടെ നേദിക്കും.
വിഷ്ണപാദ ക്ഷേത്രം
സാധാരണ ദിവസങ്ങളിലെ പോലെ ഗ്രഹണ ദിവസത്തിലും തുറന്ന് പൂജകൾ നടത്തുന്ന ക്ഷേത്രമാണ് ബീഹാറിലെ ഗയയിൽ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ ക്ഷേത്രം. ഫൽഗു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിഷ്ണു ഭഗവാനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന പുരാതനമായ ക്ഷേത്രമാണ്. ഗയാസുരനെ വിഷ്ണു വധിച്ച ഇടത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.
മഹാകാൽ ക്ഷേത്രം, ഉജ്ജയിൻ
ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ മഹാകാൽ ക്ഷേത്രം ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. മദ്ധ്യപ്രദേശിൽ പുരാതന നഗരമായ ഉജ്ജയിനിൽ ഷിപ്രാ നദിയുടെ കരയിലാണുള്ളത്. ഇവിടെയും ഗ്രഹണദിവസങ്ങളിൽ പതിവുപോലെ ക്ഷേത്രനട തുറക്കുകയും വിശ്വാസികൾക്ക് ദർശനം അനുവദിക്കുകയും ചെയ്യും.
കാളഹസ്തി ക്ഷേത്രം
രാജ്യത്തെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ ആന്ധ്രയിലെ ശ്രീകാളഹസ്തി ക്ഷേത്രവും ഗ്രഹണസമയത്ത് തുറന്നിരിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ്. രാഹുവിനെയും കേതുവിനെയും ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ഗ്രഹണദിവസം തുറക്കുന്നത് പ്രത്യേക ദോഷങ്ങൾക്ക് കാരണമാകില്ല എന്നാണ് വിശ്വാസം. രാഹു കേതു ക്ഷേത്രം എന്നറിയപ്പെടുന്ന ഇവിടെ ഇരുവരും ശിവനും പാർവ്വതിക്കും ഒപ്പമാണുള്ളത്. അതുകൊണ്ടുതന്നെ ഗ്രഹണത്തിന്റെ ദോഷങ്ങളൊന്നും ക്ഷേത്രത്തെയും ഇവിടെയെത്തുന്നവരെയും ബാധിക്കുന്നില്ല. ഇവിടുത്തെ ശിവന്റെ പ്രതിഷ്ഠയിൽ 27 നക്ഷത്രങ്ങളും ഒൻപത് രാശികളും സന്നിഹിതരായി എന്നതിനാൽ പ്രപഞ്ചത്തിലെ മാറ്റങ്ങളൊന്നും ഈ ക്ഷേത്രത്തെ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്.















