മൈസൂരു: ചൈനയുമായുള്ള തർക്ക വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ചൈനയെക്കുറിച്ച് രാഹുൽ ക്ലാസുകളെടുക്കുന്നത് ചൈനീസ് അംബാസിഡറിൽ നിന്ന് പഠിച്ചിട്ടാണെന്നായിരുന്നു ജയശങ്കറിന്റെ വിമർശനം. ചൈനയുമായുള്ള ബന്ധത്തെ ഇന്ത്യ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് രാഹുൽ നേരത്തെ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയപരമായ കാര്യങ്ങളിലെല്ലാം രാഷ്ട്രീയം തന്നെയാണുണ്ടാവുകയെന്ന് തനിക്കറിയാം. അത് അംഗീകരിക്കുന്നു. പക്ഷെ നാമെല്ലാവർക്കും ഒരു ഉത്തരവാദിത്വമുണ്ട്. ചൈനയിൽ കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ വിദേശനയത്തിലുള്ള ഇന്ത്യയുടെ നിലപാടിനെ ദുർബലപ്പെടുത്താതെ പെരുമാറാനുള്ള കൂട്ടായ ഒരു ഉത്തരവാദിത്വം നമുക്കുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ജയശങ്കർ പ്രതികരിച്ചു.
രാഹുലിന്റെ പക്കൽ നിന്നും ചൈനയെക്കുറിച്ചുള്ള ‘ക്ലാസുകൾ’ സ്വീകരിക്കാൻ താൻ ഒരുക്കമായിരുന്നു. പക്ഷെ, ഒരു കാര്യം താൻ കണ്ടെത്തി. ചൈനീസ് അംബാസിഡറിൽ നിന്നാണ് ചൈനയെക്കുറിച്ച് രാഹുൽ പഠിക്കുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞു. നിർഭാഗ്യവശാൽ വിദേശനയം ഒരു വേദിയായി മാറിയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
Comments