സ്വാമി ചിന്മയാനന്ദജി കേരളത്തില്‍ ജനിച്ച് , വളര്‍ന്ന്, ലോകമാസകലം പടര്‍ന്ന് പന്തലിച്ച മഹാവൃക്ഷമാണ്. ശ്രീ നാരായണ ഗുരുദേവന്റെയും ചട്ടമ്പി സ്വാമികളുടേയും ആത്മീയ യാത്രകള്‍ ദക്ഷിണ ഭാരതത്തിലായിരുന്നു. ഗുരുദേവന്‍ ശ്രീലങ്കയിലും സഞ്ചരിച്ചുകൊണ്ട് തന്റെ അദ്വൈത ചിന്തകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്കിയിരുന്നു. ശ്രീ ആദി ശങ്കരനാകട്ടെ, തന്റെ ദാര്‍ശനിക ദിഗ്വിജയങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും കച്ച് മുതല്‍ കാമരൂപം വരെയും, വ്യാപിപ്പിച്ചിരുന്നു.

എന്നാല്‍ സ്വാമി ചിന്മയാനന്ദജി, തന്റെ നിരന്തരമായ ഗീതാ പ്രഭാഷണങ്ങളിലൂടെ ഗീതയുടെയും ശ്രീകൃഷ്ണ ദര്‍ശനത്തിന്റെയും കരകാണാക്കടലുകളിലേക്ക് ഇംഗ്ലീഷ് അറിയുന്ന ജനവിഭാഗത്തെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു കാലത്ത് ഇംഗ്ലീഷ് അറിയുന്നവരായിരുന്നല്ലോ സമൂഹത്തിലെ ‘മൈക്രോസ്കോപ്പിക് എലീറ്റ് മൈനോറിറ്റി’ ആയിരുന്നു കൊണ്ട് സമാജത്തിന്റെ ബുദ്ധിമണ്ഡലത്തെ സ്വാധീനിച്ചിരുന്നത്. സ്വാഭാവികമായും ആ വിഭാഗത്തെ സ്വാമിജി തന്റെ ടാര്‍ജെറ്റ് ഗ്രൂപ്പാക്കി. ലോക രാഷ്‌ട്രങ്ങള്‍ മുഴുവന്‍ അദ്ദേഹം തന്റെ കര്‍മ്മമണ്ഡലമാക്കി. അതിനും കാരണം ഉണ്ട്: ഏത് കാര്യവും പാശ്ചാത്യര്‍ പറഞ്ഞാല്‍ മാത്രം അംഗീകരിക്കുന്ന ഒരു മാനസികനില ആയിരുന്നല്ലോ സമീപ കാലം വരെ ഭാരതീയരുടെ മുഖമുദ്ര. ആ ചിന്തകള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ അതിന്റെ സ്വധീനം അദ്ഭുതാവഹമായിരുന്നു. സ്വാമി വിവേകാനന്ദജിയുടെ ചിക്കാഗോ പ്രസംഗത്തിന് ശേഷം പാശ്ചാത്യര്‍ ഭാരതീയ തത്ത്വചിന്തകള്‍ നേരില്‍ കേൾക്കുകയായിരുന്നു. പിന്നീട് ഭാരതീയ ആത്മീയ ചിന്തകള്‍ക്കും തത്വങ്ങള്‍ക്കും പാശ്ചാത്യ ലോകത്ത് ശ്രദ്ധേയമായ സ്വീകാര്യത വര്‍ദ്ധിക്കുകയായിരുന്നു. അതിന്റെ സ്വാഗതാര്‍ഹമായ അനുരണനങ്ങള്‍ ഭാരതത്തിലുമുണ്ടായി. അതിനെ കുറിച്ചും നമുക്ക് ചര്ച്ച ചെയ്യേണ്ടതുണ്ട്.
അതിനു മുന്പ്, ആരാണ് സ്വാമി ചിന്മയാനന്ദന്‍, അദ്ദേഹം എങ്ങിനെ ആ നിലയിലേക്ക് ഉയര്‍ന്നു എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു:
1916 മെയ് 8 നായിരുന്നു സ്വാമിജിയുടെ ജനനം, എറണാകുളത്ത്. പൂര്‍വ്വാശ്രമത്തിലെ നാമധേയം ബാലകൃഷ്ണമേനോന്‍. ബാലകൃഷ്ണ മേനോനില്‍ നിന്നു സ്വാമി ചിന്മയാനന്ദനിലേക്കുള്ള ഉയര്‍ച്ച തികച്ചും ഐതിഹാസികം തന്നെയാണ്. ഒരു സാധാരണ മലയാളിയില്‍ നിന്നു ഉന്നത ശീര്‍ഷനായ ഒരു ആത്മീയാചാര്യനിലേക്കുള്ള കുതിച്ചു ചാട്ടം തന്നെ ആയിരുന്നു അത്. എന്തിനെയും ചോദ്യം ചെയ്യുന്ന, യുവാക്കള്‍ക്കു സഹജമായ എല്ലാ നേരംപോക്കുകളും ഉള്ള ഒരു വിദ്യാര്‍ഥിയായിരുന്നു മേനോന്‍. ലക്നോ സര്‍വ്വകലാശാലയില്‍ നിന്നു നിയമത്തിലും ആംഗലേയ സാഹിത്യത്തിലും സമര്‍ത്ഥമായി ബിരുദം നേടി അനിതര സാധാരണമായ ബുദ്ധിവൈഭമുണ്ടായിരുന്ന ആ വിദ്യാര്‍ഥി. തുടര്‍ന്നദ്ദേഹം തിരിഞ്ഞത് പത്രപ്രവര്‍ത്തന രംഗത്തെക്കായിരുന്നു. ‘നാഷണല്‍ ഹെറാള്‍ഡ്’ പത്രത്തില്‍ സബ്-എഡിറ്ററായി ആയിരുന്നു തുടക്കം. ഭാരതം ആ കാലത്ത് നേരിട്ടിരുന്ന സാമൂഹ്യവും രാഷ്‌ട്രീയവുമായ പ്രശ്നങ്ങളെക്കുറിച്ച് നിര്‍ഭയം തൂലിക ചലിപ്പിച്ച അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനായി. സ്വാഭാവികമായും അദ്ദേഹത്തിന് സമൂഹത്തിലെ അത്യുന്നതരുമായി പോലും അടുത്തിടപഴകാനുള്ള അവസരം സംജാതമായി. അങ്ങിനെ അദ്ദേഹം ഒരു പുതിയ കാര്യം മനസ്സിലാക്കി. വെട്ടിത്തിളങ്ങുന്ന, സമ്പദ് സമൃദ്ധമായ ജീവിതവും അന്തിമ വിശകലനത്തില്‍ ഒരു പൊള്ളയാണ് എന്നതായിരുന്നു ആ പാഠം. പണവും അധികാരവും കൊണ്ട് സംതൃപ്തിയും സന്തോഷവും കിട്ടും എന്നതിന് യാതൊരു ഉറപ്പുമില്ല.
മേനോന്‍ ജനിച്ചതും വളര്‍ന്നതും തികഞ്ഞ ഹിന്ദു പാരമ്പര്യ രീതികളിലായിരുന്നു. സ്വതേവേ ഒരു ‘വിമത’നായിരുന്ന അദ്ദേഹം എല്ലാ വിധത്തിലുമുള്ള അനുഷ്ഠാനങ്ങളുടെയുംപിന്നിലുള്ള യുക്തിയെയും ചോദ്യം ചെയ്തു. പലപ്പോഴും ഈശ്വരന്‍ ഉണ്ടെനുള്ള ചിന്തയെ തന്നെയും അദ്ദേഹം ചോദ്യം ചെയ്തു. ഡെല്‍ഹിയിലെ ജീവിതം മേനോന്റെ ചിന്തകളില്‍ മൗലികമായ മാറ്റങ്ങള്‍ ഉണ്ടാക്കി. താന്‍ കുട്ടിക്കാലത്ത് കണ്ടിരുന്ന സന്യാസികളിലേക്കും ഹിന്ദു ശാസ്ത്ര പണ്ഡിതരിലേക്കും അദ്ദേഹത്തിന്റെ ചിന്തകള്‍ തിരിഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് സഹജമായ ആകാംക്ഷകള്‍ അദ്ദേഹത്തെ എത്തിച്ചത് ഹിമാലയത്തില്‍ ജീവിച്ചിരുന്ന സന്യാസി വര്യരിലേക്കാണ്. താന്‍, ഈശ്വരനില്‍ വിശ്വസിക്കുന്നില്ല; ഈ ആദ്ധ്യാത്മിക ആചാര്യന്‍മാരില്‍ നിന്നു തന്റെ ‘യുക്തിസഹമായ’ ചോദ്യങ്ങള്‍ക്കു മറുപടി കിട്ടുമോ’ എന്നതായിരുന്നു ആ ചെറുപ്പകാരന്റെ മനസ്സ് ചോദിച്ചതു. ആചാര്യന്‍മാര്‍ എങ്ങിനെയാണ് ജനകോടികളെ തങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ചലിപ്പിക്കുന്നത് എന്നത് പഠിക്കണം, എഴുതണം എന്നു ആ യുവ പത്രപ്രവര്‍ത്തകന് തോന്നി. ആ ചിന്തകള്‍ അദ്ദേഹത്തെ എത്തിച്ചത് ഋഷികേശിലെ സ്വാമി ശിവാനന്ദയുടെ ആശ്രമത്തില്‍. രണ്ടു ദിവസത്തെ ദൗത്യത്തിന് എത്തിയ അദ്ദേഹം അവിടെ ചിലവാക്കിയത് ഒരു മാസം. അദ്ദേഹത്തിന്റെ തിരക്ക് പിടിച്ച ജീവിതചര്യ ബാലകൃഷ്ണ മേനോനെ അദ്ഭുതപ്പെടുത്തി: ആദ്ധ്യാത്മിക ക്ലാസുകള്‍, ധ്യാന പരിശീലനം, ആശുപത്രി മേല്‍നോട്ടം, വായന, പഠനം, ഗ്രന്ഥരചന, സാമൂഹ്യസേവനങ്ങള്‍ എന്നിങ്ങിനെ…. ! ഒരു യഥാര്‍ത്ഥ സന്യാസി. പിന്നീട് മേനോന്‍ പലപ്പോഴും ആശ്രമത്തില്‍ എത്തി. ആ പരിണാമം അദ്ദേഹത്തിന് ഒരു പുതിയ വെളിച്ചം ഏകി : ‘ഇനി എന്റെ ജീവിതം സന്യാസപാതയില്‍.’

1949 ഫെബ്രുവരിയില്‍ ബാലകൃഷ്ണമേനോന് സ്വാമി ശിവാനന്ദജി മന്ത്രദീക്ഷ നല്കി, സ്വാമി ചിന്‍മയാനന്ദ എന്ന പുതിയ സന്യാസനാമധേയവും. സന്യാസജീവിതത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ തന്നെ ചര്യകളില്‍ ചിന്മയാനന്ദജി പ്രകടിപ്പിച്ച ശുഷ്ക്കാന്തി ശിവാനന്ദജിയെ ഹഠാദാകര്‍ഷിച്ചു. അതോടെ അദ്ദേഹം യുവസന്യാസിയെ പ്രശസ്ത വേദാന്ത പണ്ഡിതന്‍ മഹര്‍ഷി സ്വാമി തപോവനത്തിന്റെ ആശ്രമത്തിലേക്ക് അയച്ചു.
സ്വാമി തപോവനം ഒരു സ്ഥലത്തു മാത്രം താമസിക്കാതെ ഹിമാലയത്തില്‍ തന്നെ സ്ഥിരമായി യാത്ര ചെയുന്ന ഒരു ഋഷീശ്വരനായിരുന്നു. യുവശിഷ്യന്‍ അദ്ദേഹത്തിന്റെ അതികഠിനമായ സമ്പ്രദായങ്ങളുമായി പൂര്‍ണ്ണമായി ഒത്തുചേര്‍ന്നു. ഗുരുമുഖത്ത് നിന്നു തീവ്രമായ പഠനം. ഒരു നിബന്ധന ഉണ്ടായിരുന്നു. ഒരു പാഠം ഒരിക്കല്‍ മാത്രം പഠിപ്പിക്കും. പിന്നെ സ്വയം പഠിക്കണം. ശിഷ്യന്‍ സംസ്കൃതത്തിലുള്ള ഗ്രന്ഥങ്ങള്‍ പഠിച്ച ശേഷം അതിന്റെ കുറിപ്പുകള്‍ തയ്യാറാക്കിയത് തനിക്ക് അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്ന ഇംഗ്ലീഷിൽ. ഹിമാലയത്തിലെ രണ്ടു വര്ഷം എന്ന ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം ആദ്ധ്യാത്മികമായ അവബോധം കൈവരിച്ചിരുന്നു. മന:ശാന്തിയും നേടിയിരുന്നു.

1951ല്‍ ചിന്മയാനന്ദജി ഹിമാലയത്തില്‍ നിന്നു ജനങ്ങളിലേക്കിറങ്ങി; അവര്‍ക്ക് ആദ്ധ്യാത്മിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന മഹനീയ കര്മ്മം തുടങ്ങി. മുന്‍കാലങ്ങളില്‍ ആദ്ധ്യാത്മിക പാഠങ്ങള്‍ പൊതുവേ പുരുഷന്‍മാര്‍ക്ക് മാത്രമുള്ള അവകാശമായിരുന്നു. പലപ്പോഴും മാധ്യമം സംസ്കൃതവുമായിരുന്നു. എന്നാല്‍, ചിന്‍മയാനന്ദജി ആകട്ടെ, വര്‍ഗ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ക്ലാസ്സുകള്‍ തുടങ്ങി. അതും ഇംഗ്ലീഷിൽ. അത് പലരെയും ഞെട്ടിച്ചു. അദ്ദേഹം ഒരു ഉജ്ജ്വല വാഗ്മിയും കൂടെ ആയതിനാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആവേശദായകങ്ങളായിരുന്നു. അവയില്‍ വ്യക്തത തുളുമ്പി നിന്നു. ദൈനംദിന ജീവിതത്തില്‍ നിന്നു ഉദ്ധരിക്കുന്ന നര്‍മ്മങ്ങള്‍ അവയുടെ ആകര്‍ഷണീയതക്കു മാറ്റ് കൂട്ടി. ആ പ്രഭാഷണങ്ങള്‍ ജനഹൃദയങ്ങളില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് തന്നെ സൃഷ്ട്ടിച്ചു. പരിപാടികള്‍ ചെറിയ മുറികളില്‍ നിന്നു ഹാളുകളിലേക്കും പിന്നീട് വന്‍ മൈതാനങ്ങളിലേക്കും വളര്‍ന്നു. ഭാരതത്തില്‍ നിന്നു വിദേശങ്ങളിലേക്ക് പടര്‍ന്ന് പന്തലിച്ചു. ഈ “ആധുനിക ഗുരുവിന്റെ” പ്രഭാഷണങ്ങള്‍ ഭാരതത്തില്‍ ഒരു പുത്തന്‍ ഉണര്‍വ് കൊണ്ട് വന്നു. 1953 ആയപ്പോള്‍ സ്വാമിജിയുടെ ചില അനുയായികള്‍ ചെന്നൈയില്‍ (അന്നത്തെ മദ്രാസ്) ചേര്‍ന്ന് ‘ചിന്മയ മിഷന്‍’ രൂപീകരിച്ചു. ‘ചിന്മയ’ എന്ന സംസ്കൃതം വാക്കിന്റെ അര്ത്ഥം ‘യഥാര്‍ത്ഥ വിജ്നാനം” എന്നാണ്.

മിഷന്‍ വളര്‍ന്നു; ഭാരതത്തിലും പുറത്തുമായി നൂറു കണക്കിനു കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ദേശവ്യാപകമായി ‘ചിന്മയ വിദ്യാലയ’ എന്ന പേരില്‍ നിരവധി സ്കൂളുകള്‍ ഉയര്‍ന്നു വന്നു. ഭഗവദ് ഗീത, ഉപനിഷത്തുകള്‍, എന്നിവയെ ആസ്പദമാക്കി സ്വാമിജിയുടെ പ്രഭാഷണങ്ങളും ക്ലാസ്സുകളും രചനകളും അടങ്ങിയ പുസ്തകങ്ങളും ലഘുലേഖകളും സിഡികളും മാസികകളും വ്യാപിച്ചു. അതെല്ലാം ആയിരക്കണക്കിന് വിദ്യാര്‍ധികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഭ്യമായി. സ്വാമിജി തുടര്‍ച്ചയായി യാത്ര ചെയ്തു. ഒരിടത്തും സ്ഥിരമായി താമസിച്ചില്ല. ‘നമ്മുടെ ദര്ശനം ഹിന്ദുക്കള്‍ക്ക് മാത്രമല്ല എന്നും അത് മുഴുവന്‍ ലോകര്‍ക്കും ഉള്ളതാണെന്നും’ അദ്ദേഹം ഉദ്ഘോഷിച്ചു. 1965 മുതല്‍ അദ്ദേഹം തന്റെ വിദേശയാത്രകള്‍ ആരംഭിച്ചു. യുഎസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, ജപ്പാന്‍, ഹോങ് കോങ്, തായ്ലാണ്ട്, സിംഗപ്പൂര്‍, മോറേഷ്യസ്, വെസ്റ്റ് ഇന്ഡീസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ അദ്ദേഹം ഗീതായജ്ഞങ്ങള്‍ നടത്തി. ദിവസേന പതിനെട്ടു മണിക്കൂറുകള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. രാത്രി മൂന്നു മണി വരെ പോലും ശിഷ്യമാര്‍ക്കു കത്തുകളെഴുതാന്‍ അദ്ദേഹം ഇരിക്കുമായിരുന്നു. ദിവസേന 80 കത്തുകള്‍ വരെ അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതുമായിരുന്നു. സാധാരണ കണക്കനുസരിച്ച് അദ്ദേഹം 750,000 കത്തുകളെങ്കിലും എഴുത്തിക്കാണുമെന്നു കണക്കാക്കപ്പെടുന്നു. വ്യക്തികളുടെ പേരുകള്‍, വിലാസം, സംഭവങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഓര്‍ക്കുന്ന ഓര്‍മ്മശക്‍ത്തി, സ്വാമിജിയുടെ പ്രത്യേകതയായിരുന്നു. പരിചയപ്പെട്ടു മുപ്പതു വര്‍ഷത്തിന് ശേഷം ചിലരെ സ്വാമിജി പേര് പറഞ്ഞു സംബോധന ചെയ്ത സംഭവം പോലും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പറയാറുണ്ട്.
സ്വാമിജി 42 വര്‍ഷത്തോളം അക്ഷീണം പ്രവര്‍ത്തിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോവില്‍ വെച്ചു 1993 ഓഗസ്റ്റ് 3ന്നായിരുന്നു അദ്ദേഹത്തിന്റെ മഹാസമാധി. ഹിമാലയത്തിലെ സിദ്ധബാരി (ഹിമാചല്‍ പ്രദേശ്)യില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്തിമകര്‍മ്മങ്ങള്‍.
ഇതേ വരെയും സൂചിപ്പിച്ചത് സ്വാമിജിയുടെ ആദ്ധ്യാത്മിക ജീവിതത്തെയും ലോക സംഗ്രഹത്തെയും കുറിച്ചാണ്. അതേ സമയം ഹിന്ദു ദേശീയത എന്നും മുറുകെ പിടിച്ച യോഗി വര്യനായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക പ്രവര്‍ത്തനം പോലും അദ്ദേഹത്തിന് ദേശീയതയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള ഉപാധി ആയിരുന്നില്ലേ എന്നു തോന്നിപ്പോകും. രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിനെതിരെ ഗാന്ധി വധം എന്ന കപട ആരോപണം ഉയർത്തി വലിയൊരു വിഭാഗം ദുർപ്രചരണം നടത്തിയിരുന്ന കാലത്തും യാഥാർഥ്യം തിരിച്ചറിഞ്ഞു ചിന്മയാനന്ദ സ്വാമികൾ സംഘത്തോട് ചേര്‍ന്ന് നിന്നു. ദ്വീതീയ സര്‍സംഘ്ചാലക് പരമ പൂജെനീയ ഗുരുജി എം.എസ്. ഗോള്‍വള്‍ക്കറുമായി അദ്ദേഹം ഉറ്റ ബന്ധം നില നിര്‍ത്തി. സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ നടക്കുമ്പോള്‍ സംഘ സ്വയംസേവകര്‍ അവിടെ സന്നദ്ധ പ്രവര്‍ത്തകരായി നിന്നു. സംഘത്തിന്റെ നിരവധി സാംഘിക്കുകളില്‍ (സ്വയംസേവക റാലി) അദ്ദേഹം പ്രസംഗിച്ചു. സ്വയംസേവകരെ അദ്ദേഹം വിളിച്ചത് ‘കാവി ഉടുക്കാത്ത സന്യാസിമാര്‍’ എന്നാണ്. അത് കൊണ്ട് തന്നെ എവിടെ സ്വയംസേവകര്‍ സംഘ പരിപാടികളില്‍ ക്ഷണിച്ചിട്ടുണ്ടോ അവിടെയെല്ലാം അദ്ദേഹം എത്ര ബുദ്ധിമുട്ടിയാണെങ്കിലും എത്തി.
വിശ്വ ഹിന്ദു പരിഷത്തിന്റെ സ്ഥാപന കാര്യങ്ങളില്‍ അദ്ദേഹം പൂജനീയ ഗുരുജിയുടെ കൂടെ ശക്തമായി നിലകൊണ്ടു. സാങ്കേതികമായി പറഞ്ഞാല്‍ സ്വാമിജി വി.എച്ച്.പിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്.

രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാരഥികളില്‍ ഒരാളായിരുന്നു സ്വാമിജി. കപട മതേതരവാദികള്‍ ദേശീയതാവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ രാമജന്‍മഭൂമി വിഷയത്തില്‍ ദേശീയതയുടെയും ഹിന്ദുത്വത്തിന്‍റെയും ശക്തമായ ചേരിയില്‍ സ്വാമിജി ഉറച്ചു നിന്നു. ആരെല്ലാം തനിക്കെതിരെയാകും എന്നത് അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്നമേ അല്ലായിരുന്നു.
സംഘത്തിന്റെ വിദേശ് വിഭാഗ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ ഉണ്ടായ ഒരു കാര്യം ഇന്നും മനസ്സില്‍ പച്ച പിടിച്ച് നില്ക്കുന്നു. ഏറെ നിയന്ത്രണങ്ങളുള്ള ഒരു വിദേശ രാജ്യത്തു സ്വാമി നടത്തിയ സന്ദർശനം. മാസങ്ങള്‍ക്ക് മുന്പെ നിശ്ചയിച്ച പരിപാടി. ഒരു സാംഘിക്കില്‍ അദ്ദേഹം സ്വയംസേവകരെ അഭിസംബോധന ചെയ്തു പ്രസംഗിക്കണമെന്ന് പ്രവര്‍ത്തകകര്‍ക്ക് ശക്തമായ അഭിലാഷം. അവിടത്തെ ചിന്മയ മിഷന്‍ പ്രവര്‍ത്തകര്‍ മുഖേന ഞങ്ങള്‍ ഒരു കത്തയച്ചു. അന്ന് സ്വാമിജി, എന്റെ ഓര്മ്മ ശരിയെങ്കില്‍ ഫ്രാന്‍സില്‍ ആയിരുന്നു. ദിവസങ്ങള്‍ക്കകം മറുപടി വന്നു. “I am ready to meet the boys on …..”. ആ രാജ്യത്തെ കടുത്ത നിബന്ധനകള്‍ക്കനുസരിച്ചുള്ള ഡിപ്ലോമാറ്റിക് വാക്കുകള്‍. ആകെ ഒരു നിബന്ധന: അദ്ദേഹത്തിന്റെ നിശ്ചിത പരിപാടികളെ ബാധിക്കാത്ത രീതിയിലായിരിക്കണം ‘കുട്ടികളു’മായുള്ള ‘കൂട്ടിക്കാഴ്ച.’ പരിപാടി നടത്തിയത് രാവിലെ 5.30നു. ചിട്ടയോട് കൂടിയ സംഘാടനം. സ്വാമിജി ശുദ്ധമായ ഇംഗ്ലീഷ് ഭാഷയില്‍ സംസാരിച്ചു. ഒരു സംഘപരിപാടിയില്‍ ഒരു സംഘനേതാവ് സംസാരിക്കുന്നതു പോലെ. പരിപാടി കഴിഞ്ഞു സംഘ പ്രാര്‍ഥന. ഉടന്‍ വരുന്നു സ്വാമിജിയുടെ ചോദ്യം: “Where is Bhagavad Dhwaja ?” അവിടത്തെ പ്രത്യേക സാഹചര്യത്തില്‍ സംഘസ്ഥാപകന്‍ പരമ പൂജനീയ ഡോക്റ്റര്‍ജിയുടെയും പൂജനീയ ഗുരുജിയുടെയും ചിത്രങ്ങള്‍ മാലചാര്‍ത്തി വെക്കാറുണ്ടെങ്കിലും ധ്വജം വെക്കാറില്ല. ഈ ലേഖകന്‍ ചുരുങ്ങിയ വാക്കില്‍ അദ്ദേഹത്തിന് വിശദീകരണം നല്കി. പരിപാടി കഴിഞ്ഞു, സ്വയംസേവകര്‍ പിരിഞ്ഞു. ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം പരിപാടി നടന്ന വീട്ടിലെ ഡൈനിങ് ടേബിളില്‍ സ്വാമിജിയുമായി സംഭാഷണത്തില്‍. ഇടക്ക് ഒരു സ്വയംസേവകന്‍ എന്റെ ചെവിയില്‍ ഒരു ആവശ്യം ഉന്നയിച്ചു. സ്വാമിജിയുടെ ഒരു ചിത്രം എടുക്കാന്‍ അനുവാദം വാങ്ങി കൊടുക്കുമോ എന്നായിരുന്നു അഭ്യര്‍ഥന. ഈ ലേഖകന്‍ ഇംഗ്ലീഷില്‍ സ്വാമിജിയുടെ മുന്നില്‍ അഭ്യര്‍ഥന അവതരിപ്പിച്ചു. ഇതാ വരുന്നു, സന്തോഷം തുളുമ്പുന്ന മറുപടി, മലയാളത്തില്‍: “അതിനെന്താ, എവിടെ ക്യാമറ ?”. അടുത്ത ചോദ്യം: “ഞാനെവിടെയാണ് നില്‍ക്കേണ്ടത്” ? ആ ഡൈനിങ് റൂമിന്റെ ചുമര്‍ അലങ്കരിച്ചിരുന്നത് സുന്ദരമായ വനം ചിത്രീകരിച്ച ഒരു വാള്‍ പേപ്പര്‍ കൊണ്ടായിരുന്നു. ഞാന്‍ ചോദിച്ചു, സ്വാമിജി, ഇതൊരു നല്ല പാശ്ചാത്തലമല്ലേ എന്നു. അപ്പോള്‍ മറുപടി, “Forest and the monk, a good combination”. ഞാന്‍ പറഞ്ഞു: “Monk in the forest’. ഉടന്‍ വന്നു ഉച്ചത്തിലുള്ള ആ ക്ലാസിക്ക് ചിരി. “Yes, you said it, monk in the forest.” എല്ലാവരും ആ ചിരിയില്‍ പങ്ക് ചേര്‍ന്നു. പാണ്ഡിത്യത്തിന്റെയും ആത്മീയതയുടെയും എവറസ്റ്റില്‍ നില്‍ക്കുമ്പോഴും സമുദ്ര തീരത്ത് എവിടെയോ നില്‍ക്കുന്ന ഞങ്ങളോടൊപ്പം ഒരു കൊച്ചു നര്മ്മം പങ്കുവെക്കാനുള്ള ആര്‍ദ്രത ആ വലിയ മനസ്സില്‍ തുടിച്ചു.

തേജോമയാനന്ദ സ്വാമിക്കൊപ്പം ..(ഫേസ്‌ബുക്കിൽ നിന്നും ലഭിച്ച ഫോട്ടോ )
തന്റെ കടുത്ത തപ:ശ്ശക്തി കൊണ്ട് സ്വര്‍ഗഗംഗയെ ഭൂമിയിലേക്ക് കൊണ്ട് വന്ന ഭഗീരഥനെ പോലെ, ഹൈന്ദവ ശാസ്ത്രങ്ങളെ സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് പ്രവഹിപ്പിച്ച ആധുനിക ഭഗീരഥനു ശതകോടി പ്രണാമങ്ങള്‍.
ടി. സതീശന്‍, കൊച്ചി
Phone 93886 09488















