തിരുവനന്തപുരം: മുൻ എം.എൽ.എമാർക്കും അവരുടെ ആശ്രിതർക്കുമായി വിതരണം ചെയ്യുന്ന പെൻഷനിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണം. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
രേഖകൾ പ്രകാരം, മരിച്ച വ്യക്തികൾക്കും ഇപ്പോഴും പെൻഷൻ അനുവദിക്കുന്നതായും ഒരേ വ്യക്തിയുടെ പേരിൽ രണ്ട് രീതിയിൽ പെൻഷൻ വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. അന്തരിച്ച മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ ഇപ്പോഴും പെൻഷൻ വാങ്ങുന്നു എന്നാണ് രേഖകളിലുള്ളത്.
അതുപോലെ, വിവരാവരാശ രേഖകൾ പ്രകാരം മരണപ്പെട്ട മുൻ ദേവികുളം എം.എൽ.എയായിരുന്ന എസ്. സുന്ദര മാണിക്കം ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ട്. ഇതേ സമയം, അദ്ദേഹം മരിച്ചതായി രേഖപ്പെടുത്തി ഭാര്യ അന്നമ്മാളിന് കുടുംബ പെൻഷനും അനുവദിച്ചിട്ടുണ്ട്. അതായത്, ഒരേ വ്യക്തിയുടെ പേരിൽ രണ്ട് തരത്തിൽ പെൻഷൻ നൽകുന്നു എന്നാണ് രേഖകളിലുള്ളത്. അന്തരിച്ച സരോജിനി ബാലാനന്ദനും പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ ഇപ്പോഴുമുണ്ട്.
പി.കെ. ശ്രീമതി ടീച്ചറുടെ പേരിലും ഗുരുതര ക്രമക്കേടാണ് നടക്കുന്നത്. പി.കെ. ശ്രീമതി, പി.ആർ. കൃഷ്ണൻ എന്ന മുൻ എം.എൽ.എയുടെ ഭാര്യയെന്ന നിലയിലാണ് കുടുംബ പെൻഷൻ വാങ്ങുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, നിയമസഭയുടെ ഔദ്യോഗിക രേഖകളിൽ പി.ആർ. കൃഷ്ണൻ എന്ന പേരിൽ മുൻ എം.എൽ.എ ഉണ്ടായിരുന്നുവെന്ന വിവരമില്ല. കൂടാതെ, പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ നമ്പ്യാർ സംസ്ഥാന നിയമസഭാംഗമായിരുന്നിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
ഇതിനൊപ്പം, ഒരിക്കൽ പോലും കേരള നിയമസഭാംഗമായിരുന്നിട്ടില്ലാത്ത പ്രൊഫ. കെ.എം. ചാണ്ടിയുടെ മകൾ ത്രേസിയാമ്മ ചാണ്ടിക്ക് പെൻഷൻ അനുവദിച്ചതും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മുൻ തിരുവമ്പാടി എം.എൽ.എ എ.വി. അബ്ദുറഹിമാൻ ഹാജിയുടെ രണ്ട് ഭാര്യമാർക്കും ഒരേസമയം കുടുംബ പെൻഷൻ അനുവദിച്ചതായും വിവരാവകാശ രേഖയിൽ പറയുന്നു. ഈ വിവരങ്ങൾ പുറത്തുവന്നതോടെ നിയമസഭാ സെക്രട്ടേറിയറ്റിലെ പെൻഷൻ വിതരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.















