മലപ്പുറം: താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ സംഭവത്തിൽ പ്രതിയായ ബോട്ടുടമയ്‌ക്കായി തിരച്ചിൽ തുടരുകയാണ്. ദുരന്തം നടന്നയുടൻ മുങ്ങിയ നാസർ ഇപ്പോഴും ഒളിവിലാണ്. അത്യാഡംബര സംവിധാനങ്ങളോടുള്ള നാസറിന്റെ താനൂരിലെ വീട്ടിൽ ആൾക്കാർ ഉണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാരും പറയുന്നത്.
ദീർഘകാലം വിദേശത്തായിരുന്നു നാസർ നാട്ടിൽ കൊട്ടാരം പോലൊരു വീടാണ് പണികഴിപ്പിച്ചത്. ഗേറ്റിലൂടെ നോക്കിയാൽ വിശാലമായ മുറ്റം നിറയെ ഈന്തപ്പനകൾ. അറേബ്യൻ നാടുകളിലെ ബംഗ്ളാവുകളെ ഓർമ്മിപ്പിക്കുന്ന കൂറ്റൻ വീടാണിത്. വിദേശത്ത് നിന്നും നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്.
മീൻപിടിത്ത ബോട്ടിനെ രൂപമാറ്റം വരുത്തിയാണ് ഇയാൾ സർവീസിനിറക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായ രീതിയിലാണ്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയിരിക്കുന്നത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനകളുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.
ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ പലതവണ സർവീസിനിറക്കരുതെന്ന് വിലക്കിയിരുന്നു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്‌ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് സർവീസ് നടത്തിവരുന്നത്. ഇവിടെ ഹൗസ് ബോട്ടുകൾക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ല. അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയാണ് സർവീസ് നടത്തുന്നത്. അപകടത്തിനു തൊട്ടു മുമ്പ് നടത്തിയ സർവീസിൽ ഇതേ ബോട്ടിൽ 70- ഓളം പേരുണ്ടായിരുന്നു.















