സംസ്ഥാനത്ത് ചൂട് താങ്ങാവുന്നതിലും അധികമായിരിക്കുകയാണ്. എല്ലാവരും ചൂടില്‍ നിന്നും രക്ഷനേടാന്‍ നിരവധി കാര്യങ്ങശൾ ചെയ്യുന്നുണ്ട്.
ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാതിരിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ഇത്തരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാൻ നിങ്ങള്‍ നിര്‍ബന്ധമായും ചൂടുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചും മാങ്ങയും ചക്കയും വെണ്ണപ്പഴവുമൊക്കെ നിര്‍ബന്ധമായും ചൂടുകാലത്ത് കഴിക്കേണ്ട പഴവര്‍ഗങ്ങളില്‍ ഉള്‍പ്പെടുത്താം. പപ്പായ ആണ് ഇത്തരത്തില്‍ കഴിക്കാവുന്ന മറ്റൊരു പഴം. ഇതിലും 88 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനുമെല്ലാം പപ്പായ സഹായിക്കുന്നു.
ആപ്പിളും നല്ലതുപോലെ വെള്ളം അടങ്ങിയിട്ടുള്ള പഴമാണ്. 86 ശതമാനത്തോളം ആണ് ആപ്പിളിലെ ജലാംശം വരുന്നത്. ഒരുപാട് ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും ചെറുക്കാനും ആപ്പിളിന് സാധിക്കും. തക്കാളിയും വേനലില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ 94 ശമാനത്തോളമാണ് ജലാംശമുള്ളത് എന്നതുകൊണ്ട് തന്നെയാണ് ഇത് വേനലില്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. അതുപോലെ വൈറ്റമിൻ-സിയുടെ നല്ലൊരു ഉറവിടമായതിനാല്‍ പലരീതിയില്‍ ഇത് ആരോഗ്യത്തിന് ഗുണകരമാകുന്നു.
തൈരും മോരും ധാരാളമായി ഉപയോഗിക്കവുന്നതാണ്. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാംസാഹാരം മെനുവില്‍ നിന്നും പരമാവധി ഒഴിവാക്കുക എന്നതാണ്.ഇനി അത്രയ്‌ക്കു നിര്‍ബന്ധമാണെങ്കില്‍ ആട്ടിറച്ചി ഉപയോഗിക്കാം. അതുപോലെ മത്സ്യവും. നത്തോലി പോലെയുള്ള ചെറിയ മീനുകള്‍ കഴിക്കുന്നതാണ് നല്ലത്. കറികളില്‍ നിന്നും വറ്റല്‍മുളകിന്റെയും കുരുമുളകിന്റെയും ഉപയോഗം പരമാവധി കുറയ്‌ക്കാം. പച്ചമുളകാണ് ഇവയേക്കാള്‍ ഭേദം.














