ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് കാറുകൾ ശക്തമായി കൊണ്ടിരിക്കുകയാണ്. പുതിയ മോഡലുകൾ ഇറങ്ങുന്ന തിരക്കിലാണ് കമ്പനികൾ. ഇപ്പോഴിതാ, തങ്ങളുടെ ചെറു ഇലക്ട്രിക് കാറായ കോമറ്റിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് എംജി മോട്ടർ ഇന്ത്യ. 11000 രൂപ നൽകി ഇപ്പോൾ കോമറ്റ് ബുക്ക് ചെയ്യാം. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നാണ് എംജി പറയുന്നത്.
1000 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുന്നുള്ളൂ എന്നതാണ് കോമറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്നു വകഭേദങ്ങളിൽ പുറത്തിറങ്ങുന്ന വാഹനത്തിന്റെ വില 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെയാണ്. വാഹനത്തിന് മൂന്നു വർഷ വാറന്റി, മൂന്നു വർഷ ലേബർ ഫ്രീ സർവീസ്, മൂന്നു വർഷ റോഡ് സൈഡ് അസിസ്റ്റും എംജി വാഗ്ദാനം ചെയ്യുന്നു. ബാറ്ററിക്ക് എട്ടുവർഷമാണ് വാറന്റി. ഇതൊന്നും കൂടാതെ, മൂന്നു വർഷം– 60 ശതമാനം ബൈബാക്ക് പ്ലാനും എംജി നൽകുന്നുണ്ട്.
കോമറ്റിന് ഒറ്റ ചാർജിൽ 230 കിലോമീറ്റർ സഞ്ചരിക്കും. ബിഗ് ഇൻസൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിൽ ഡിസൈൻ ചെയ്ത 2 ഡോർ കാറാണ് കോമറ്റ്. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് ഈ കുഞ്ഞൻ. വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ മാതൃകയാക്കിയാണ് കോമറ്റ് നിർമ്മിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ വാഹനത്തിനുണ്ട്. 55 കണക്റ്റഡ് കാർ ഫീച്ചറുകളുള്ള ഐ സ്മാർട്ട് ടെക്നോളജിയാണ് കോമറ്റിന് നൽകിയിരിക്കുന്നത്.
Comments