ന്യൂഡൽഹി: വീണ്ടും കൂട്ടപിരിച്ചുവിടൽ തുടർന്ന് മെറ്റ. ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും ആറായിരത്തോളം ജീവനക്കാരെ അടുത്തയാഴ്ച പിരിച്ചുവിടും. മൂന്നാം റൗണ്ട് പിരിച്ചുവിടലാണ് അടുത്തയാഴ്ച തുടങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഈ മൂന്നാം ഘട്ട പിരിച്ചുവിടൽ ടീമുകളിലെ എല്ലാ ജീവനക്കാരെയും ബാധിക്കുമെന്ന് മെറ്റാ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു.
പുറത്തുപോകുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത്തവണ കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ മെറ്റ 11,000 തൊഴിലവസരങ്ങളാണ് വെട്ടിക്കുറച്ചിരുന്നത്. മെയ് അവസാനത്തോടെ 10,000 ജോലികൾ വെട്ടിക്കുറയ്‌ക്കാൻ കമ്പനി പദ്ധതിയിടുന്നതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ഏകദേശം 4000 ത്തോളം ജീവനക്കാരെയാണ് ഇതിനോടകം മെറ്റ പിരിച്ചുവിട്ടത്.
മെറ്റയുടെ ഓഹരികൾ ഈ വർഷം ഏകദേശം 80% ഉയർന്നു. മിഡിൽ മാനേജർമാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനി വരുമാനത്തിൽ ഇടിവ് നേരിട്ടതിനെ തുടർന്നാണ് പിരിച്ചുവിടൽ നടത്തിയതെന്ന് സിഇഒ മുൻപ് വ്യക്തമാക്കിയിരുന്നു.
Comments