തിരുവനന്തപുരം: സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ മിസ്സോറാം ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ. സിപിഎം അഴിമതി വാണിജ്യവൽക്കരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏത് അഴിമതിയും കുറ്റകൃത്യവും അന്വേഷിച്ച് ചെല്ലുമ്പോൾ അതിന്റെ അവസാന അറ്റത്ത് ഒരു സിപിഎം നേതാവുണ്ടാകുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതിയുടെയും അവസാന ചരട് സിപിഎം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കും ഭരണത്തകർച്ചയ്‌ക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
രണ്ടാം പിണറായി വിജയൻ സർക്കാർ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ തിരഞ്ഞെടുത്ത കേരള ജനത ആ തെറ്റ് തിരുത്തിയപോലെ ഈ തെറ്റും തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലിഫ് ഹൗസ് അഴിമതിയുടെ മഹാസമുദ്രമാണെന്നും റിവേഴ്സ് ഹവാല കണ്ടുപിടിച്ച നേതാവാണ് പിണറായി വിജയനെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ആരോപിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആരംഭിച്ച രാപ്പകൽ സമരത്തിന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.രാമൻപിള്ള, അനിൽ ആന്റണി, എന്നിവർ സമരവേദിയിൽ പ്രസംഗിച്ചു.
Comments