എറണാകുളം: നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം എന്ന പേരിൽ രാസലഹരി വിൽപ്പന നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ബൈക്കിലെത്തി ലഹരി വിൽപ്പന നടത്തിയ പ്രതികളെ എക്സൈസ് സംഘമാണ് പിടികൂടിയത്. സംഭവത്തിൽ ആലുവ കടുങ്ങല്ലൂർ സ്വദേശി വിനോദ് എന്ന അപ്പൂജിയും തമ്മനം സ്വദേശി അലൻ അഗസ്റ്റിനുമാണ് പിടിയിലായത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും എക്സൈസ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലാണ് സംഘം പിടിയിലായത്.
ഇവരിൽ നിന്ന് 6.2 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. മുൻപും ഇവർ മയക്കുമരുന്ന് കേസുകളിൽ പ്രതികളായിട്ടുണ്ട്. ചങ്ങമ്പുഴ പാർക്കിന് സമീപത്ത് നിന്ന് ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കൈമാറാൻ എത്തിയപ്പോഴായിരുന്നു പിടി വീണത്. ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെടുകയായിരുന്നു.
അതേസമയം മട്ടാഞ്ചേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് പട്ടരുമഠം വീട്ടിൽ അഫ്ഹാമിയെയാണ് സംഭവത്തിൽ അറസ്റ്റിലായത്. പറവാനമുക്ക് ഭാഗത്തെ പ്രതിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 12.6 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
Comments