എറണാകുളം: കൊച്ചി ആഴക്കടലിൽ ലഹരി വേട്ടയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കേസ് പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി എൻസിബിയെ വിമർശിച്ചിരുന്നു. എവിടെവെച്ചാണ് പ്രതിയെ പിടികൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ലേ എന്ന് കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഇക്കാര്യം എൻസിബി പരാമർശിച്ചിരുന്നില്ല. പ്രതി അറസ്റ്റിലായത് ഇന്ത്യൻ സമുദ്രാതിർത്തിയിലാണെന്നതിൽ വ്യക്തത ആവശ്യമുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാനായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്. ലഹരി പിടിച്ചെടുത്തത് ഇന്ത്യൻ സമുദ്ര അതിർത്തിയിൽ വച്ചല്ലെന്നും പിടിയിലായ പാക്പൗരൻ ഇറാനിലെ അഭയാർത്ഥിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
132 ബാഗുകളിലായി സൂക്ഷിച്ചിരുന്ന 2,525 ചെറിയ ബോക്സുകളിലായാണ് രാസ ലഹരി കൊച്ചിയിൽ കണ്ടെത്തിയത്. ഇരുപത്തയ്യായിരം കോടി രൂപയാണ് ഇതിന്റെ മൂല്യം. പാക്കിസ്താൻ സ്വദേശിയായ സുബൈർ ലഹരി കടത്തിയത് പാകിസ്താനിലെ സംഘത്തിന് വേണ്ടിയാണെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സുബൈർ കാരിയർ ആണ്. വലിയ തുക വാഗ്ദാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു രാസലഹരി കടത്തുന്നതിൽ ഉൾപ്പെട്ടത്.
Comments