ദിസ്പൂർ: ഗുവാഹത്തിയിൽ വ്യാജ സ്വർണവുമായി രണ്ട് പേർ അറസ്റ്റിൽ. വ്യാജ സ്വർണം കൊണ്ട് നിർമ്മിച്ച രണ്ട് ബോട്ടിന്റെ രൂപത്തിലുള്ള വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗോർചുക് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഗോർചുക് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് അനധികൃതമായ വ്യാജ സ്വർണവിൽപ്പന നടത്തുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 3.715 കിലോയോളം വരുന്ന വ്യാജ സ്വർണം കണ്ടെത്തി. സംഭവത്തിൽ റാസിദുൽ അലി, ഇനാമുൽ അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയെ കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപക്ക് കരാർ ഉറപ്പിച്ചിരിക്കെയാണ് പ്രതികൾ പിടിക്കപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്.
ഈ മാസം 20-ന് അസമിലെ സോനിത്പൂർ ജില്ലയിൽ വ്യാജ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും വ്യാജ സ്വർണവും പോലീസ് കണ്ടെത്തിയിരുന്നു.
Comments