കോഴിക്കോട്: തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമ്മയ്‌ക്കായി നിർമ്മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരു മാറ്റിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് നാമജപ സദസ്സ്. ഹാളിന് മുൻപിൽ തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദി സംഘടിപ്പിച്ച നാമജപ സദസ്സ് സനാതന ധർമ്മ പാഠശാല സംയോജകൻ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു. തളി-ചാലപ്പുറം പൈതൃക സംരക്ഷണവേദി ചെയർമാൻ കെ.പി. ഗുരുദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ, കെ.വി. രാഘവൻ പരിപാടിയിൽ സംസാരിച്ചു.
മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളേയും സ്മരിക്കുന്ന പേര് തളി കണ്ടംകുളം ജൂബിലി ഹാളിന് തിരിച്ചു നല്കണമെന്ന് രാജേഷ് നാദാപുരം ആവശ്യപ്പെട്ടു. ഇനി വരും നാളുകളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവർഗ്ഗത്തെ അടിയറവ് പറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്. നാമജപ സദസ്സ് മുൻനിർത്തി കണ്ടംകുളം ജൂബിലി ഹാളിന് മുമ്പിൽ ശക്തമായ പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഹാളിനകത്തേക്കുള്ള പ്രവേശനം ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.
കഴിഞ്ഞമാസം 29-നാണ് ഇടത് ഭരണകൂടം, 1997ൽ കേന്ദ്ര സർക്കാർ സഹായത്തോടെ പണിത സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റിയത്. തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാൾ, പാർക്ക് തുടങ്ങിയവയ്‌ക്ക് ഇസ്ലാമീക പേര് നൽകുകയാണ് കോർപ്പറേഷൻ ചെയ്തത്. ഗൂഗിൾ മാപ്പിലടക്കം പേര് തളി ക്ഷേത്രപ്രദേശത്തിന്റെ മാറ്റിയിരിക്കുകയാണ്. മർക്കസ്സുദ്ദവ എന്നാണ് ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ലഭിക്കുന്നത്. തുടർന്ന് തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തി. അതിനിടയിൽ ഹാളിന് പുതിയ നാമകരണം ചെയ്തുകൊണ്ട് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചത്.
Comments