സാധാരണയായി കൗമാര പ്രായം കഴിയുമ്പോൾ മുതൽ യുവാക്കൾ ജിമ്മിൽ പോയി തുടങ്ങുന്നത് പതിവ് കാഴ്ചയാണ്. മദ്ധ്യവയസിലേക്ക് കാൽവച്ച പലരും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ജിമ്മിനെ ആശ്രയിക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാൽ പത്ത് വയസ് പോലുമില്ലാത്ത ഒരു കുട്ടി ജിമ്മിൽ വന്ന് വർക്കൗട്ട് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.? എങ്കില് ഹരിയാനയിൽ നിന്നുള്ള ഈ എട്ടുവയസുകാരിയുടെ പ്രകടനം നിങ്ങളെ അമ്പരപ്പെടുത്തും.
പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഉയർത്താൻ സാധിക്കുന്ന ഭാരമാണ് അർഷിയ ഗോസ്വാമി വളരെ സിംപിളായി ഉയർത്തുന്നത് എന്നുള്ളതാണ് അതിശയകരമായ കാഴ്ച. കഴിഞ്ഞയിടെ അറുപത് കിലോ ഉയർത്തുന്ന വീഡിയോ വൈറലായതോടെയാണ് അർഷിയയെക്കുറിച്ച് ഇന്ത്യക്കാർ ചർച്ച ചെയ്യാൻ ആരംഭിച്ചത്.
അറുപത് കിലോ ഭാരം വളരെ പക്വതയോടെ ഉയർത്തുന്ന അർഷിയയെ കണ്ട് പേരുകേട്ട ജിം പരിശീലകർ പോലും അത്ഭുതപ്പെട്ടുവെന്നതാണ് വാസ്തവം. ഇത്രയും ശാരീരികക്ഷമത ഈ എട്ടുവയസുകാരിക്കുണ്ടെന്നത് പലർക്കും അവിശ്വസനീയമായി തോന്നി. രണ്ട് ദിവസം മുമ്പായിരുന്നു അർഷിയയുടെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായത്.
എന്നാൽ ഭാരോദ്വഹനത്തിൽ നേരത്തെ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള മിടുക്കിയാണ് അർഷിയ. 2021ൽ ഏറ്റവും പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്ററായി അർഷിയ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 45 കിലോ ഗ്രാം ഭാരം എടുത്തുയർത്തിയായിരുന്നു റെക്കോർഡ് നേട്ടം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലാണ് അർഷിയ ഇടംപിടിച്ചത്. ഒളിമ്പിക്‌സ് മെഡൽ ജേതാവായ മീരാഭായ് ചാനുവാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് മുമ്പൊരിക്കൽ അർഷിയ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പുതിയ വീഡിയോ വൈറലായതോടെ വീണ്ടും ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുകയാണ് ഈ എട്ടുവയസുകാരി.
Comments