മനുഷ്യ മസ്തിഷ്‌കത്തിൽ ചിപ്പു ഘടിപ്പിക്കാൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് സ്ഥാപനത്തിന് മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. കംപ്യൂട്ടറിനെ ചിപ്പ് വഴി മനുഷ്യന്റെ തലച്ചോറുമായി ബന്ധിപ്പിച്ച് ശരീരം തളർന്നവർക്കും കാഴ്ച നഷ്ടമായവർക്കുമെല്ലാം പരിമിതികളെ മറികടക്കാൻ സാധിക്കുമെന്നാണ് ന്യൂറലിങ്കിന്റെ വാഗ്ദാനം. അനുമതി ലഭിച്ചെങ്കിലും മനുഷ്യരിലെ പരീക്ഷണം ഉടനെ ആരംഭിക്കില്ലെന്നാണ് ബിബിസി റിപ്പോർട്ട്.
കംപ്യൂട്ടറിന്റെ സഹായത്തോടെ ശരീരം തളർന്നവരേയും കാഴ്ച നഷ്ടമായവരേയും സഹായിക്കാൻ സാധിക്കുമെന്നാണ് ന്യൂറലിങ്ക് ചിപ്പുകളുടെ അവകാശവാദം. മസ്തിഷ്‌കത്തിൽ ഘടിപ്പിച്ച ചിപ്പുകളിലേക്ക് കംപ്യൂട്ടറിൽ നിന്നും ബ്ലൂടൂത്ത് വഴി വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ കുരങ്ങുകളിൽ നടത്തിയ പരീക്ഷണം മുമ്പ് വിജയിച്ചിരുന്നു.
ആദ്യം ഈ പരീക്ഷണത്തിന് അനുമതി നിഷേദിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ കാണിച്ച് ചിപ്പ് പരീക്ഷണത്തിന് എഫ്ഡിഎ അനുമതി നിഷേധിച്ചുവെന്നായിരുന്നു മാർച്ചിൽ വന്ന റിപ്പോർട്ട്. പരീക്ഷണം കുരങ്ങുകളിൽ വിജയിച്ചെങ്കിലും മനുഷ്യരിലേക്ക് വ്യാപിപ്പിക്കുന്നതിന് സാങ്കേതികമായി നിരവധി വെല്ലുവിളികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അനുമതി ലഭിച്ചെന്ന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ഇലോൺ മസ്‌ക്ക് പങ്കുവെക്കുകയായിരുന്നു.
സാങ്കേതികവിദ്യയിലൂടെ മനുഷ്യരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ന്യൂറലിങ്കിന് മനുഷ്യരിൽ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ച വിവരം പങ്കുവെച്ചുള്ള ട്വീറ്റിൽ ഇലോൺ മസ്‌ക് പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം സംബന്ധിച്ച ഭാവി പരിപാടികൾ വൈകാതെ അറിയിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
Comments