അഹമ്മദാബാദ്: മഴയിൽ കുളിച്ച് ഐപിൽ പതിനാറാം ഫൈനൽ. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഫൈനൽ നാളെത്തേയ്‌ക്ക് മാറ്റി. അഹമ്മദാബാദിൽ വൈകിട്ട് മുതൽ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് മത്സരം പ്രതിസന്ധിയിലായത്. ടോസ് ഇടാൻ അരമണിക്കൂർ നിൽക്കെയാണ് മഴയാരംഭിച്ചത്. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവർ പൂർണമായും നീക്കുകയും താരങ്ങൾ അവസാനവട്ട വാംഅപ് പ്രാക്ടീസിനായി തയ്യാറെടുക്കുകയും ചെയ്തെങ്കിലും വീണ്ടും മഴകടുക്കുകയായിരുന്നു.
മഴമാറുകയാണെങ്കിൽ 9: 35- ഓടെ ഓവറുകൾ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായിരുന്നു തീരുമാനം. എന്നാൽ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും മഴ ശക്തമാവുകയായിരുന്നു. അഞ്ച് ഓവറായി മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന അവസാന സമയപരിധി 12:06 ആയിരുന്നു. എന്നാൽ 11- മണിയോടെ മഴ അവസാനിച്ചില്ലെങ്കിൽ മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റേണ്ടിവരുമെന്ന് അംപയർമാർ അറിയിച്ചു.
തകർത്ത് പെയ്ത മഴയിൽ ആശങ്കയിലായത് ആരാധകർ ആയിരുന്നു. ഇന്നത്തെ ഫൈനൽ മത്സരം കാണാനായി ഇരു ടീമുകളിലേതുമായി ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയിരുന്നത്. അതേ സമയം ടെലിവഷനിലും- ഫോണിലുമായി മത്സരം കാണാൻ കാത്തിരുന്ന കോടിക്കണക്കിന് ആരാധകരും നിരാശയിലായി. എന്നാൽ മഴ ശക്തമായതോടെ പത്തുമണിയോടെ തന്നെ ആരാധകർ പലരും സ്‌റ്റേഡിയം വിട്ടിരുന്നു.
Comments