ന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ഭാഗമായി പേടകം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെത്തിച്ചു. വിക്ഷേപണം ജൂലൈയിലുണ്ടാകുമെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ജൂലൈ 12-ന് വിക്ഷേപിക്കുന്ന പേടകം ഓഗസ്റ്റ് 23-ന് ചന്ദ്രനിലെത്തുമെന്നാണ് വിലയിരുത്തൽ.
ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോവർ എന്നിങ്ങനെ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ മൂന്നിലുള്ളത്. ഇസ്രോ ഇതുവരെ നിർമ്മിച്ച റോക്കറ്റുകളിലെ കരുത്തേറിയ ജിഎസ്എൽവി മാക്3 -യാണ് വിക്ഷേപണ വാഹനം. ചന്ദ്രന് ചുറ്റും കറങ്ങുന്ന മാതൃപേടകത്തിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ ചന്ദ്രനിലെ മുൻകൂട്ടി നിശ്ചയിച്ചയിടത്ത് സോഫ്റ്റ് ലാൻഡിംഗ് നടത്തും. തുടർന്ന് ഇതിൽ നിന്ന് വേർപെടുന്ന റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ സ്‌പെക്രൽ, പോളാർമെട്രിക് അളവുകൾ പഠിക്കുന്ന സ്‌പെക്ട്രോ പോളമറി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് ഉപകരണവും പ്രൊപ്പൽഷൻ മൊഡ്യൂളും ഉണ്ടാകും. സങ്കീർണമായ നിരവധി രാസപരിശോധനകൾ റോവർ ചന്ദ്രോപരിതലത്തിൽ നടത്തും.
ദൗത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സാദ്ധ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ചന്ദ്രയാൻ 2 വിക്ഷേപിച്ച അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒരേ സമയം ഉത്സാഹഭരിതവും ആശങ്കാഭരിതവുമാണ് ഇപ്പോഴത്തെ അവസ്ഥ. ജൂലൈയിൽ വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും യുആർ റാവു സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ പറഞ്ഞു. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള പേലോഡ് വിജയകരമായി കൂട്ടിയോജിപ്പിച്ചത്.
2019 ജൂലൈ 22-ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടർച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകൾക്ക് മുൻപ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെത്തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. 2008-ൽ ചന്ദ്രായാൻ ഒന്ന് ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ദേശീയപതാക ആലേഖനം ചെയ്ത പേടകം ചന്ദ്രേപരിതലത്തിൽ ഇറക്കുകയായിരുന്നു ആദ്യ ദൗത്യത്തിൽ ചെയ്തത്. അവാസനഘട്ടത്തിൽ പരാജയപ്പെട്ട ചന്ദ്രയാൻ 2-ന്റെ തനിപ്പകർപ്പ് ആയിരിക്കില്ല ചന്ദ്രയാൻ 3. എന്നാൽ മുൻഗാമിയുടെ അതേ ഭ്രമണപഥമായിരിക്കും ചന്ദ്രയാൻ മൂന്നിന്റെയും സഞ്ചാരപ്പാത.
സൗരപഠന ദൗത്യമായ ആദിത്യ എൽ1, ഭാരതീയരെ സ്വന്തം പേടകത്തിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ തുടങ്ങിയ നിർണായക ദൗത്യങ്ങളും ഈ വർഷം പ്രാവർത്തികമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണ വാഹനങ്ങൾ പൂർണമായും പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യ ഇസ്രോ അടുത്തിടെ വിജയകരമായി പരീക്ഷിച്ചിരുന്നു.
Comments