കണ്ണൂർ: ഏലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ഷാരൂഖ് സെയ്ഫിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഷാരൂഖിന്റെ മനോനില പരിശോധിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വീണ്ടും കസ്റ്റഡി അപേക്ഷ നൽകുന്നത്. ട്രെയിൻ തീവെയ്പ് വീണ്ടും കണ്ണൂരിൽ ആവർത്തിച്ച പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ചും കൂടുതൽ ചോദ്യം ചെയ്യലുണ്ടായിരിക്കും.
ഏലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിൽ തുടർച്ചയായ 10 ദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിനുള്ള നിർണായ വിവരങ്ങൾ ഷാരൂഖിൽ നിന്ന് ലഭിച്ചിരുന്നില്ല. അന്വേഷണം വഴിതെറ്റിക്കുന്ന ചില മൊഴികളും, ചോദ്യം ചെയ്യലുകൾ ഒഴിവാക്കുന്നതിനായുള്ള ചില അസാധാരണ പെരുമാറ്റങ്ങളും ഷാരുഖ് സെയ്ഫിയിൽ നിന്ന് ഉണ്ടായിരുന്നു. ഇതുകൊണ്ടു തന്നെ ഷാരുഖിന്റെ മനോനില പരിശോധിക്കുന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രധാനമാണ്. റിപ്പോർട്ടിൽ ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വ്യക്തത വന്നതിന് ശേഷമായിരിക്കും കോടതിയിൽ വീണ്ടും കസ്റ്റഡി അപേക്ഷ നൽകുക. ആദ്യ കസ്റ്റഡിയ്‌ക്കും റിമാൻഡിനും ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാനുള്ള സാഹചര്യവും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയെ ബോധിപ്പിക്കും.
യുഎപിഎ ചുമത്തിയ കേസുകളിൽ പരമാവധി 30 ദിവസം വരെ പല ഘട്ടങ്ങളിലായി എൻഐഎയ്‌ക്ക് പ്രതികളെ ചോദ്യം ചെയ്യാം. കഴിഞ്ഞ കോടതി വാദത്തിൽ മൂന്ന് ദിവസം കൂടി കസ്റ്റഡി നീട്ടി ചോദിച്ചപ്പോൾ വീണ്ടും കസ്റ്റഡിയിൽ നൽകുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു. ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീയിട്ടത് ഒറ്റയ്‌ക്കാണെന്ന് ആവർത്തിച്ച ഷാരുഖ് സെയ്ഫി ചോദ്യം ചെയ്യലിനിടെ പറഞ്ഞ ചില വാക്കുകൾ ഉദ്യോഗസ്ഥരിൽ കൂടുതൽ സംശയങ്ങളും, ദുരൂഹതകളുമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങുന്നത്.















