തിരുവനന്തപുരം: കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. പിന്നീട് അനവധി സിനിമകളിലും സ്റ്റാർ മാജിക്ക് എന്ന ഷോയിലും കൊല്ലം സുധി എന്ന കലാകാരൻ നിറഞ്ഞ സാന്നിധ്യമായിരുന്നു. ഇന്ന് രാവിലെയാണ് കലാലോകത്തോട് വിട പറഞ്ഞ് നടൻ യാത്രയായത്.
പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്ന് തിരിച്ചുവരവെ പുലർച്ചെ 4.40-ടെ തൃശൂർ കയ്പ്പമംഗലത്ത് വെച്ച് വാഹനാപകടത്തിലാണ് സുധി മരണപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടെന്നുള്ള താരത്തിന്റെ വിയോഗം സഹപ്രവർത്തർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. സുധിയെ അനുസ്മരിച്ച് നിരവധി മലയാള സിനിമാ സീരിയൽ താരങ്ങളാണ് സമൂഹമാദ്ധ്യമത്തിലൂടെ കുറിപ്പുകൾ പങ്കുവെച്ചത്.
താരങ്ങളായ ജുവൽ മേരി, ദേവീ ചന്ദന, അശ്വതി ശ്രീകാന്ത്, അജു വർഗ്ഗീസ്, ശാലിനി നായർ, സൂരജ് തേലക്കാട്, അമൃത നായർ, വിനയ് ഫോർട്ട്, അഞ്ജലി, ടൊവിനോ തോമസ്, അനുമോൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ച് ചിത്രം പങ്കുവച്ചിട്ടുണ്ട്.
സ്റ്റാർ മാജിക്കിലെ താരങ്ങളിലൊരാളാണ് ശ്രീവിദ്യ. “അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ !!
മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും” എന്നാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി ഇൻസ്റ്റഗ്രാമിൽ നടനെ അുസ്മരിപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു.
നടൻ നോബി മാർക്കോസിന്റെ വാക്കുകളിങ്ങനെയായിരുന്നു. “ചെയ്യാൻ വേഷങ്ങൾ ഒരുപാട് ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദനയും നൽകി എന്റെ അണ്ണൻ യാത്രയായി,” . സുധിയ്ക്കൊപ്പം അനവധി സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് നോബി.
സീരിയൽ താരമായ ആലീസ് ക്രിസ്റ്റി വേദനാജനകമായ കുറിപ്പാണ് പങ്കുവെച്ചത്. “എന്റെ സുധി ചേട്ടാ… വിശ്വസിക്കാൻ കഴിയുന്നില്ല.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുധി ചേട്ടനെ ഒന്നു വിളിക്കണം വിളിക്കണം എന്ന് മനസ്സിൽ തോന്നിയിരുന്നു… നാളെ എന്തായാലും വിളിക്കണം എന്നു കരുതി ഉറങ്ങാൻ കിടന്നതാ ഇന്നലെ… ദൈവമേ ഒരിക്കലും കരുതിയില്ല ഇന്ന് ഈ വാർത്ത കേട്ട് ഉണരേണ്ടി വരുമെന്ന്… എന്നാണ് നടി ആലീസ് ക്രിസ്റ്റി കുറിച്ചത്.
കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ വടകരയിൽ നിന്ന് പുറപ്പെട്ടതാണ് സുധിയും ബിനു അടിമാലിയും. അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ എന്നാണ് വിനോദ് കോവൂർ ചോദിച്ചത്. ‘ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു.’ വിനോദ് കോവൂർ എഴുതി.
താരങ്ങളായ വീണ നായർ, മഞ്ജു സുനിച്ചൻ എന്നിവരുടെ ചിത്രം പങ്കുവച്ച് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുധി വെള്ളിത്തിരയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ ആയിരുന്നു ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണൽ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Comments